അഞ്ചരക്കോടിയും തൊളളായിരം കോളും

ശരശയ്യ - നിതിൻ നാങ്ങോത്ത്
സ്വതവേ ദുർബല, പോരാത്തതിന് ഗർഭിണിയും!! എന്ന് പറഞ്ഞത് പോലെയായി കേരളാ കാവിക്കാങ്ക്രസ് പാർട്ടിയുടെ ഗതി. എല്ലാ ക്ഷീണവും മാറ്റി കർക്കിടകക്കഞ്ഞി കുടിച്ച് രാമായണവും വായിച്ച് ഫുൾഫോമിൽ തിരിച്ചുവരാനൊരുങ്ങുന്പോഴാണ് മേടിക്കൽ കോഴ ശനീശ്വരനായത്. കോവളത്തമ്മേടെ കോളുകൾ എമ്മെല്ലേടെ നാണോം മാനോം ഇമേജും കവറേജും പിച്ചിച്ചീന്തിക്കളഞ്ഞു. സത്യം എന്തേലും ആവട്ടെ. അല്ലേലും സത്യം ഇപ്പം ആർക്കാ അറിയേണ്ടത്? ആരേലും നാറ്റിക്കുന്പോൾ കിട്ടുന്ന ഒരു ദുർഗന്ധപൂരിത 'പരിമള' മുണ്ടല്ലോ. ഹായ് ഹായ്. നന്പ്യാർ സർ പറഞ്ഞത് പോലെ തന്നെ കനകം മൂലവും കാമിനി മൂലവും തന്നെ നവഉലകിലെ എല്ലാ കലഹവും. ആണൊരുത്തനെ നാണം കെടുത്താൻ പെണ്ണൊരുന്പെട്ടാ മതി. പെണ്ണരശ് നാട്ടിൽ ആണൊരുന്പെട്ടാൽ വാളയാർ പരമശിവത്തെപ്പോലെ അധോഗതി. ജാമ്യമില്ലാ വിധി. പണ്ടെടുത്ത നീലപോട്ടം പോസ്റ്റിയാൽ പ്രമുഖ കാമുവിന്‍റെ ലൈഫും വെളളക്കഞ്ഞി. ഇവനെയൊന്നും വെച്ചേക്കരുത്. ഒരു സെലിബ്രിറ്റിയെ കയ്യിൽ കിട്ടിയിട്ടും നല്ലൊരു വീഡിയോ പോലും കവറേജ് ചെയ്യാനറിയാത്ത വൈദഗ്ദ്ധ്യമില്ലായ്മയെ പൊങ്കാലയ്ക്കിടുന്നുണ്ട് ആരാധകവൃന്ദം. പോലീസിനെയും വിജിലൻസിനെയും ഫോർവേഡിൽ കളിപ്പിച്ച് ഭരണകൂടം പകപോക്കുകയാണെന്ന് കരക്കന്പിയുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും അതിൽ വാസ്തവമില്ലാതില്ല. ഇസ്തിരി ചുളിയാത്ത വർത്തമാനവുമായി വന്ന് ചാനലിൽ തൊളളകീറുന്പോൾ റീ തിങ്കണമായിരുന്നു. മറുവടി കമിംഗ് സൂൺ സ്റ്റാർട്ടിങ്ങിലാണെന്ന്. പ്രമുഖർക്ക് വിവിധ പണികൾ അക്കൗണ്ട് ചെയ്തു കൊടുക്കുന്ന നെറ്റ് വർക്ക് എക്സിക്യുട്ടീവ്സ് തന്നെ സംസ്ഥാനത്ത് സജീവമായി വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്രമുഖരെ നാരീനാറ്റിക്കലിൽ പെടുത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന പാപ്പരാസീ വിങ്. അർദ്ധരാത്രിയിലും നട്ടപ്പാതിരയിലും ഏത് കുഗ്രാമ ലോഡ്ജിലും കുണ്ടിടകളിലും ഇക്കൂട്ടർ സക്രിയരായിരിക്കും. രാഷ്ട്രീയഭാവി, കരിയർ, ഇമേജ്, സൽപ്പേര് തുടങ്ങിയ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി മറവുചെയ്തുതരും.
പാർട്ടീ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കുന്ന കുലം കുത്തികളെ അടുത്ത ഓണം കാണിക്കരുത്. പീയുണിന്‍റെ തസ്തികയ്ക്ക് പോലും പത്തുമുപ്പത് ലച്ചം കോയ കൊടുക്കുന്ന നമ്മുടെ നാട്ടിൽ ഒരു മേടിക്കൽ കേസിൽ അഞ്ചരക്കോടി ഉലുവ... ഷെയിം ഷെയിം. ഈ നക്കാത്തപിച്ചയിലാണോ ദേശീയ പാർട്ടിയുടെ പ്രതിച്ഛായ പൗഡറുമിട്ടിരിക്കുന്നത്? മുഖം മിനുക്കാനുളള തത്രപ്പാടിൽ ഫേഷ്യലിംഗിന് തേച്ചത് പാണ്ടാവാതിരുന്നാ മതിയായിരുന്നു. അങ്ങ് പയ്യന്നൂരിലും പാപ്പിനിശ്ശേരിയിലും ബീജേപ്പീക്കാർ അഭയാർത്ഥീക്ക്യാന്പിലാണ് ഇപ്പഴും അന്തിയുറങ്ങുന്നത്. സി.പി.എമ്മിന്‍റെ ആക്രമണത്തെ ഒറ്റക്കെട്ടായി ഡിഫന്‍റ് ചെയ്യുന്നതിന് പകരം നേതൃത്വം കോഴക്കളിയിൽ പല്ലിടകുത്തി നാറ്റിക്കുകയാണോ. പരാതി ഏമാൻ പേടിച്ചിട്ട് സംഗതി സബൂറാക്കിയിട്ടുണ്ട്. എന്നാലും ഇനിയങ്ങോട്ട് ജാഗ്രത വേണം. ശത്രുക്കൾ നാലുദിക്കിലും തേരാ 'പാരാ' നടക്കുന്നുണ്ട്. പൊതുജനത്തിന് ഇതിലൊന്നും തലവെച്ചു കൊടുക്കാനുളള പൊളിറ്റിക്കൽ ഇന്‍ററസ്റ്റ് ദിപ്പോ പണ്ടേപ്പോലെയില്ല. ജീവിതനൈരന്തര്യത്തിന്‍റെ ദുരന്തവൃത്തത്തിൽ അവരുടെ മുഖമിപ്പോൾ തക്കാളി പോലെ ചെമന്നിരിക്കയാണ്. ഈ ഓണത്തിന് സാന്പാറിൽ തക്കാളി അടക്കം ചെയ്യണേൽ കാണം വിൽക്കേണ്ടി വരുന്ന അവസ്ഥയിലാ. ദിലീപ് വിഷയത്തിൽ വാ പൊളിച്ചിരുന്ന മലയാളിയുടെ വായ്ക്കകം വീട്ടമ്മയുടെ തൊളളായിരം ചേക്കാലിക്കുഞ്ഞുങ്ങൾ കൂടൊരുക്കി. സഹയാത്രികരായ തൂവെളളസാരിക്കാർ എം.എൽ.ഏയുടെ ചുടുചോരയ്ക്കായി ഡ്രാക്കുള കളിക്കുന്നുണ്ടേലും കെ.പി.സി.സി ദേഹം ഋതരാഷ്ട്രാലിംഗനം ഓഫർ ചെയ്തിട്ടുണ്ട്. ആ പിന്നേ, നമ്മുടെ കോവളം മണ്ധലം ഇനിയെങ്കിലും പെണ്ണരശുനാടായി പ്രഖ്യാപിക്കാൻ ഉളുപ്പുണ്ടാവണം. ഏതോ കണ്ണകിയുടെ കൊടിയ ശാപം കിട്ടിയ മണ്ധലമാവണം അത്. പെണ്ണ് കേസിൽ 'മണ്ടേലാവാസം'(ജയിൽ വാസം) അനുഭവിക്കാനുളള നെക്സ്റ്റ് നറുക്ക് ആർക്കായിരിക്കും?
ഈ പെണ്ണും പിടക്കോഴിയും മണിക്കോഴയുമൊക്കെ കുടുമ്മത്തിൽ പിറന്ന ആണുങ്ങമാരുടെ സംശുദ്ധലൈഫിൽ കരിനിഴൽ വീഴ്ത്തുന്നതിന് ഒരറുതി വരുത്താൻ 'മെൻ ഇൻ കലക്ടീവ്' ഗ്രൂപ്പിന് തോന്നേണം കാലേ കാലേ... എത്ര കാലമെന്ന് വെച്ചാ ഇങ്ങനെ നാട്ടാരുടെയും വീട്ടാരുടെയും വേണുവിന്‍റെയും വിനുവിന്‍റെയും സ്മൃതിപരുത്തിക്കാടിന്‍റെയും മുഖകമലത്തിൽ ദൃഷ്ടിപായിക്കാൻ പാങ്ങില്ലാതെ!! നാട്ടാർക്കാണെങ്കിൽ ഈ ഒരു കാര്യത്തിൽ മാത്രം സ്മൃതിനാശം സംഭവിക്കുന്നുമില്ല!! ഏത് അന്ധകാരത്തിന്‍റെ കൂരിരുട്ടിലും എത്ര ഓൾഡ് നാറ്റക്കേസാണേലും ഐഡന്‍റിഫൈ ചെയ്തു കളയും. പാലുചുരത്തും മാറിടത്തിലും ചോര തന്നെ കൊതുകിന്ന് കൗതുകം. ഇത്തരം ദുർവിധികൾ ശത്രുക്കൾക്ക് പോലും വരാതിരിക്കട്ടെ. ക്ലിന്‍റൺ എന്ന സചിവോത്തമനെ ഓർക്കാൻ നമുക്കിപ്പോഴും മോണിക്കാ ലെവിൻസ്കിയുടെ തിരുനാമം തന്നെ വേണമല്ലോ!!