രാമകഥാമൃതം - ഭാഗം 9

എ. ശിവപ്രസാദ്
രാജപരിവാരങ്ങളെയും സൈന്യത്തെയും കൂട്ടി ഭരതൻ അതിരാവിലെ തന്നെ ശ്രീരാമന്റെ അടുത്തേയ്ക്കുള്ള യാത്ര ആരംഭിച്ചു. വഴികാട്ടിയായി സുമന്ത്രരും കൂടെയുണ്ടായിരുന്നു. ഏറെനേരം സഞ്ചരിച്ച അവർ ഗുഹന്റെ രാജ്യമായ ശൃംഗിവേരപുരത്തെത്തി. ശ്രീരാമദേവന്റെ അവസ്ഥ അറിഞ്ഞ ഭരതകുമാരന് ദുഃഖം അടക്കാനായില്ല. രാജവേഷങ്ങളും കീരീടവുമണിഞ്ഞ് മാത്രം കണ്ടിരുന്ന ജ്യേഷ്ഠൻ ജടാവൽക്കലധാരിയായത് ഓർത്ത് ഭരതൻ കണ്ണീർ വാർത്തു. ഗുഹന്റെ സഹായത്തോടെ ഭരതനും പരിവാരങ്ങളും ഗംഗാനദി കടന്ന് യാത്രയാരംഭിച്ചു.
ചിത്രകൂട പർവ്വതത്തിൽ നിർമ്മിച്ച ആശ്രമത്തിൽ രാമലക്ഷ്മണന്മാരും സീതയും സന്തോഷത്തോടെ വസിക്കുകയായിരുന്നു. ഫലമൂലാദികൾ ഭക്ഷിച്ചും കാട്ടരുവിയിലെ തെളിനീർ കുടിച്ചും അവർ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങിനെ ഒരുദിവസം പക്ഷിമൃഗാദികൾ ഭയന്നോടുന്നത് അവർ കണ്ടു. ക്രമേണ ചില മനുഷ്യശബ്ദങ്ങൾ അടുത്തടുത്ത് വരുന്നതായി കണ്ടു. ശ്രീരാമൻ എന്താണന്നന്വേഷിക്കാൻ ലക്ഷ്മണനോട് പറഞ്ഞു. ലക്ഷ്മണൻ ഒരു വലിയ സാലവൃക്ഷത്തിന് മുകളിൽ കയറി ചുറ്റും നോക്കി. അങ്ങകലെ ഒരു വലിയ സൈന്യം ചിത്രകൂടത്തിലേക്ക് വരുന്നതായി ലക്ഷ്മണൻ കണ്ടു. സാലവൃക്ഷത്തിൽ നിന്നും താഴെയിറങ്ങിയ ലക്ഷ്മണൻ പരിഭ്രാന്തനായി ശ്രീരാമനോട് സീതാദേവിയെയും കൂട്ടി എവിടെയെങ്കിലും പോയി ഒളിക്കാൻ പറഞ്ഞു. കീരീടധാരണം കഴിഞ്ഞ ഭരതകുമാരൻ സൈന്യസമേതം നമ്മെ ആക്രമിക്കാൻ വരികയാണെന്ന് ലക്ഷ്മണൻ ശ്രീരാമനോട് പറഞ്ഞു.
ലക്ഷ്മണന്റെ വാക്കുകൾ കേട്ട ശ്രീരാമൻ പറഞ്ഞു. “അല്ലയോ ലക്ഷ്മണാ, ഭരതനെ നാമെന്തിന് ഭയക്കണം? ഭരതന് രാജാധികാരം സമർപ്പിച്ചാണല്ലോ നമ്മൾ വനത്തിലേയ്ക്ക് വന്നത്. മാത്രമല്ല ഭരതന് എന്നോട് ജീവന് തുല്യം സ്നേഹമാണുള്ളത്. അതിനാൽ പരിഭ്രമിക്കേണ്ട കാര്യമില്ല.” അല്പസമയം കഴിഞ്ഞപ്പോൾ ഭരതൻ ശ്രീരാമന്റെ അടുത്തെത്തി. ഭരതന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഗദ്ഗദകണ്ഠനായി. ഭരതൻ ശ്രീരാമനോട് പറഞ്ഞു. “നിരവധി പരിചാരകരാൽ സേവിതനായി കൊട്ടാരത്തിലെ സുഖസൗകര്യങ്ങളനുഭവിക്കേണ്ട എന്റെ ജ്യേഷ്ഠൻ കാട്ടുജന്തുക്കൾക്കിടയിൽ ജീവിക്കുന്നു. മിനുസമേറിയ പട്ടുവസ്ത്രങ്ങൾക്ക് പകരം മരവുരിയാണ് ധരിച്ചിരിക്കുന്നത്. ചന്ദനതൈലം പൂശിയിരുന്ന ശരീരം പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നു. ഇതെല്ലാം സംഭവിച്ചത് ഞാൻ കാരണമാണ്. ഈ കാഴ്ച കാണുന്നതിന് മുന്പ് ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.” ഇത്രയും പറഞ്ഞുകൊണ്ട് ഭരതൻ ശ്രീരാമന്റെ കാൽക്കൽ വീണ് നമസ്കരിച്ചു.
ഭരതനെ എഴുന്നേൽപ്പിച്ച് ഗാഢമായാലിംഗനം ചെയ്തുകൊണ്ട് ശ്രീരാമൻ പറഞ്ഞു. “അല്ലയോ ഭരതകുമാരാ! രാജ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഈ സമയത്ത് അച്ഛനെ തനിച്ചാക്കി നീ ഇവിടേക്ക് വന്നത് ഒട്ടും ശരിയായില്ല. അയോധ്യയിലെ മുഴുവൻ ജനങ്ങൾക്കും സംഖ്യം തന്നെയല്ലേ? അച്ഛനും അമ്മമാരും സുഖമായിരിക്കുന്നോ?” ശ്രീരാമന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ഭരതൻ കുഴങ്ങി. ഒടുവിൽ ഗദ്ഗദകണ്ഠനായി പിതാവായ ദശരഥന്റെ ചരമവാർത്ത ശ്രീരാമനോട് പറഞ്ഞു. ദശരഥന്റെ ചരമവാർത്തയറിഞ്ഞ ശ്രീരാമൻ ദുഃഖം സഹിക്ക വയ്യാതെ വാവിട്ടു കരഞ്ഞു. തന്നെ ഓർത്താണ് അച്ഛൻ മരിച്ചതെന്ന കാര്യം ശ്രീരാമന്റെ ദുഃഖം ഇരട്ടിപ്പിച്ചു. അല്പനേരം കഴിഞ്ഞ് അച്ഛന് തർപ്പണം ചെയ്യാനായി ശ്രീരാമൻ മന്ദാകിനി നദിയിലെത്തി. കുളി കഴിഞ്ഞ് പിതൃതർപ്പണം നടത്തി.
രാമൻ മന്ദാകിനി നദിയിൽ നിന്നും കയറി ആശ്രമത്തിലെത്തി അനുജന്മാരെ ആലിംഗനം ചെയ്തു. അവരുടെ ദുഃഖം അപാരമായിരുന്നു. ശ്രീരാമദേവന്റെ ദുഃഖം കണ്ടവർക്ക് നിശബ്ദരായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. കുറച്ചുസമയം കഴിഞ്ഞപ്പോൾ കൗസല്യയും സുമിത്രയും ഭരതനും കൂടി ശ്രീരാമദേവന്റെ അടുത്തെത്തിയിട്ട് തങ്ങളുടെ ആഗമനോദ്ദേശ്യം രാമനോട് പറഞ്ഞു.