നാണമാകുന്നില്ലേ സാർ...

പ്രദീപ് പുറവങ്കര
നാണക്കേടാണ് ചില സമരങ്ങൾ. ഒരു രാജ്യത്തിന്റെ അഭിമാനത്തെ തന്നെ അത് പോറലേൽപ്പിക്കുന്നു. എന്നിട്ട് പോലും ആ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിൽ അത് ഭരണകൂടത്തിന്റെ അഹങ്കാരമായി മാത്രമേ വ്യാഖ്യാനിക്കാൻ സാധിക്കൂ. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യവ്യപകമായി നടന്നുവരുന്ന കർഷക സമരങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നത്. കർഷകരെയും കാർഷിക സന്പദ്ഘടനയെയും ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതതരമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രാജ്യ തലസ്ഥാനത്ത് പലതരത്തിലുള്ള സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് വരുന്നത്. ആ വാർത്തകൾ നമ്മുടെ മാധ്യമങ്ങളുടെ മുഖ്യവിഷയമാകുന്നില്ല എന്നത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്.
രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിച്ചിരിക്കുന്ന കാർഷിക പ്രതിസന്ധിയെയും വിലവർദ്ധനവിനെയും പറ്റി കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്ന നിലപാട് നിഷേധാത്മകമാണ്. കടക്കെണിയിൽ പെട്ട് കർഷക ആത്മഹത്യകൾ പെരുകുന്പോൾ അതൊക്കെ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന വാദമാണ് കേന്ദ്ര ഗവൺമെന്റ് ഉയർത്തുന്നത്. അതേസമയം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്നവർ തന്നെയാണ് കേന്ദ്രത്തിലുമുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ധ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെയാണ്. ഇവിടെയുള്ള കർഷകരും ഏറെ ദുരിതം സഹിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ എന്ത് കൊണ്ടായിരിക്കണം കർഷകർ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്നതെന്നും, എന്തായിരിക്കണം അത് തടയാൻ ചെയ്യേണ്ടതെന്നും കേന്ദ്രവും, സംസ്ഥാന സർക്കാരുകളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് കണ്ടെത്തേണ്ട കാര്യമാണ്. കർഷക വിരുദ്ധ നയങ്ങളാണ് ഇതിന്റെ കാരണമെങ്കിൽ നയവ്യത്യാസങ്ങൾ വരുത്തണം. രാജ്യത്ത് ഉയർന്ന വിളവ് ലഭിക്കുന്പോഴും വൻകുത്തകകളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി അനിയന്ത്രിതമായി ഇറക്കുമതി അനുവദിക്കുന്നത് കൊണ്ടാണ് പ്രദേശിക ഉൽപ്പന്നങ്ങൾക്ക് വിലതകർച്ച ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞ് വേണം പുതിയ കാർഷിക നയം ഉണ്ടാക്കാൻ. രാജ്യത്ത് ഉണ്ടാകുന്ന ഇറക്കുമതിയുടെ മേൽ യാതൊരു നിയന്ത്രണവുമില്ലാത്തവരാണ് സംസ്ഥാന സർക്കാരുകൾ. അത് കേന്ദ്രമാണ് നിയന്ത്രിക്കുന്നത് എന്നു കൂടി ഈ നേരത്ത് ഓർക്കേണ്ടതാണ്.
ഉൽപ്പാദന ചിലവ് വർദ്ധിക്കുന്പോഴും, ആ ചിലവ് പോലും തിരികെ ലഭിക്കാതിരിക്കുന്പോഴാണ് കർഷകർക്ക് ആത്മഹത്യകളെ പറ്റി ചിന്തിക്കേണ്ടി വരുന്നത്. ഇതോടൊപ്പം അവർക്ക് ലഭിക്കേണ്ട വില ഇടനിലക്കാർ കാർന്ന് തിന്നുകയും ചെയ്യുന്നു. വൻ വിപണി, സംഭരണ ശൃംഖലകൾ സ്വന്തമായുള്ള ഇത്തരം ഇടനിലക്കാർക്കാണ് ഗവൺമെന്റിന്റെ സഹായവും ലഭിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കർഷക ആത്മഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാരിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഓരോ 32 മിനുട്ടിലും ഒരു ഇന്ത്യൻ കർഷകൻ ആത്മഹത്യ നടത്തുന്നതായാണ് ആ കണക്ക് വെളിപ്പെടുത്തുന്നത്. മുന്പൊക്കെ ബ്ലേഡ് മാഫിയകളിൽ നിന്ന് കടമെടുത്തവരാണ് ഇങ്ങിനെ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്ന് ബാങ്കുകൾ, മൈക്രോഫൈനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വായ്പയെടുത്ത് തിരച്ചടയ്ക്കാൻ കഴിയാതെ വരുന്ന കർഷകരാണ് ആത്മഹത്യയിൽ അഭയം തേടുന്നതെന്ന് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിക്കുന്ന വിജയ് മല്യയെ പോലെയുള്ളവരെ കയ്യഴിഞ്ഞ് സഹായിക്കാൻ മടികാട്ടാത്തവരാണ് കർഷക ആത്മഹത്യകളുടെ ഉത്തരവാദിത്തം പരസ്പരം കെട്ടിവെച്ച് കയ്യൊഴിയുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാ
ട് മറ്റുള്ളവർക്ക് മുന്പിൽ അപഹാസ്യരാകുന്ന കാഴ്ച്ച തുടരുക തന്നെ
ചെയ്യും.