അബൂദബിയിൽനിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു
അബൂദബിയിൽനിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സർവിസ് ആരംഭിച്ചു. അബൂദബി ബസ് ടെർമിനലിൽനിന്ന് സർവിസ് തുടങ്ങുന്ന ബസ് സുൽത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റി (മുറൂർ സ്ട്രീറ്റ്) ൽ നിന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അൽ ബഹ്യ, അൽ ഷഹാമ കടന്ന് അബൂദബി−ദുബൈ ഹൈവേക്ക് സമീപം അൽ മുരൈഖയിൽ സ്ഥിതി ചെയ്യുന്ന ബാപ്സ് ഹിന്ദു മന്ദിർ മേഖലയിലെ ആദ്യ ശിലാക്ഷേത്രത്തിലെത്തിച്ചേരും. അബൂദബി സിറ്റിയിൽനിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രസമയം. ക്ഷേത്രത്തിലേക്ക് ബസ് സർവിസ് ആരംഭിച്ചതിന് അധികൃതർക്ക് ബ്രഹ്‌മവിഹാരിദാസ് സ്വാമി നന്ദി പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള ബസ് സർവിസിന്‍റെ നമ്പർ 203 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏകീകൃത യാത്രാനിരക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ബസിൽ യാത്ര ചെയ്യണമെങ്കിൽ യാത്രികരുടെ പക്കൽ ഹഫിലാത്ത് കാർഡ് ഉണ്ടായിരിക്കണം. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ കാർഡ് ഉപയോഗപ്പെടുത്തിയാണ് യാത്രാനിരക്ക് നൽകേണ്ടത്. രണ്ട് ദിർഹമാണ് ബസുകളിൽ പ്രവേശിക്കുന്നതിനുള്ള നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ചു ഫിൽസ് വീതം ഈടാക്കും. കാർഡ് കൈവശമില്ലാത്തവരിൽനിന്നും 200 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
sddsf
