രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ അനിശ്ചിതമായി നീട്ടിയതിൽ പ്രതിഷേധിച്ച് പ്രവാസികൾ
രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ അനിശ്ചിതമായി നീട്ടിയതിൽ പ്രതിഷേധിച്ച് പ്രവാസി ഇന്ത്യക്കാർ. ലോക രാജ്യങ്ങൾ ഇളവുകൾ കൂടുതലായി പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ഇന്ത്യയുടെ കടുത്ത നടപടി ആരെ സഹായിക്കാനാണെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി പ്രവാസി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുള്ളത്. യാത്രാ വിലക്ക് പിൻവലിച്ച് കൂടുതൽ പേർക്ക് സൗകര്യം ഒരുക്കണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. എയർ ബബ്ൾ കരാർ പ്രകാരം പരിമിത സൗകര്യം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
വിലക്കു നീക്കി പൂർണതോതിൽ വിമാന സർവീസ് പുനാരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് യാത്രാവിലക്കുമായി ബന്ധപ്പെട്ട പുതിയ തീരുമാനം. 2 വർഷത്തോളം നീണ്ട രാജ്യാന്തര വിമാന സർവീസ് വിലക്ക് അവസാനിച്ചു എന്ന വാർത്ത കേൾക്കാൻ കാതോർത്തിരുന്ന പ്രവാസികളെ നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇക്കാലയളവിൽ അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവർ പലപ്പോഴും നാലിരട്ടി തുക വരെ നൽകി ടിക്കറ്റെടുത്തവരുണ്ട്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു പോയവർക്ക് മടങ്ങിയെത്താനും ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് തടസ്സമാണ്.

