അനാവശ്യമായി പോലീസിനെ വിളിച്ചത് 15 തവണ ; യുവാവിന് 50,000 ദിർഹം പിഴ
അനാവശ്യമായി പോലീസിനെ 15 തവണ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയാൾക്ക് 50,000 ദിർഹം പിഴ. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ കോടതിയാണ് പിഴ വിധിച്ചത്. ഫുജൈറ അൽ മദീന പൊലീസ് സ്റ്റേഷനിലാണ് സംഭവം. സുഹൃത്തിന്‍റെ വീട്ടിൽ വച്ചിരിക്കുന്ന തന്‍റെ വീട്ടുസാധനങ്ങൾ എടുക്കാൻ പോലീസ് പെട്രോളിംഗ് വേണമെന്ന് ആവശ്യപ്പട്ടാണ് യുവാവ് പോലീസിനെ വിളിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസുകാരൻ ഇയാളെ അറിയിച്ചെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഓരോ കോളിലും ഇയാൾ മോശമായാണ് പൊലീസിനോട് സംസാരിച്ചത്. ഇതേതുടർന്ന് ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ പറഞ്ഞ പരിചയക്കാരന്‍റെ വീട്ടിൽ അന്വേഷിച്ചെങ്കിലും തന്‍റെ വീട്ടിൽ അങ്ങിനെയൊരു സാധനം ഇല്ലെന്നായിരുന്നു മറുപടി. ആൽക്കഹോൾ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും ഉയർന്ന രക്തസമ്മർദമുണ്ടെന്ന് കണ്ടെത്തി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 50,000 ദിർഹം പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു

