ഖാർക്കീവിൽ രൂക്ഷമായ ആക്രമണം, ജനവാസ കേന്ദ്രങ്ങളിൽ റഷ്യന്‍ റോക്കറ്റാക്രമണം
യുക്രൈനിലെ റഷ്യൻ അധിനിവേശം ആറാം ദിനത്തിലേക്ക് കടന്നപ്പോൾ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ സാഹചര്യങ്ങൾ രൂക്ഷമാവുന്നു. ഖാർകീവിൽ ഇന്ന് പുലർച്ചെ നടന്ന ശക്തമായ വ്യോമാക്രമാണെന്നാണ് റിപ്പോർട്ട്. റോക്കറ്റുകൾ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ടതായും ഖാർകീവ് മേയർ ഇഗോർ ടെറേകോവ് പ്രതികരിച്ചു.
ദിവസങ്ങളായി ആക്രമണം ഭയന്ന് ബങ്കറുകളിൽ കഴിയുന്ന പ്രദേശവാസികൾ തങ്ങളുടെ ദുരിതം വിവരിക്കുന്ന വീഡിയോകൾ ഉൾപ്പെടെ ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. റഷ്യൻ സൈന്യം വളഞ്ഞ തലസ്ഥാനമായ കീവിലും രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയാണ്. എന്നാൽ കീവിൽനിന്ന് സാധാരണക്കാർക്ക് പുറത്ത് കടക്കാൻ സുരക്ഷിത ഇടനാഴി ഉപയോഗിക്കാമെന്ന് റഷ്യ പറഞ്ഞു. കീവിന് തെക്കുപടിഞ്ഞാറായി വാസിൽകീവിലേക്കുള്ള ഹൈവേയിലൂടെ കീവ് വിടാമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയവക്താവ് മേജർ ജനറൽ ഇഗോർ കൊണഷെങ്കോവ് അറിയിച്ചത്.
അതേസമയം, യുക്രൈനിൽ റഷ്യൻ സൈനിക നീക്കത്തിൽ സിവിലിയമാരും ആക്രമിക്കപ്പെട്ടതായി യു.എൻ മനുഷ്യാവകാശവിഭാഗം കുറ്റപ്പെടുത്തി. റഷ്യയുടെ ആക്രമണത്തിൽ ഏഴു കുട്ടികളുൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്ന് യു.എൻ മനുഷ്യാവകാശവിഭാഗം മേധാവി മിഷേൽ ബാച്ലെ പ്രതികരിച്ചു. എന്നാൽ യഥാർഥ മരണസംഖ്യ ഇതിൽ കൂടുതലായിരിക്കുമെന്ന് ഭയപ്പെടുന്നതായും അവർ പറഞ്ഞു. 16 കുട്ടികൾ കൊല്ലപ്പെട്ടെന്നും 45 കുട്ടികൾക്കു പരിക്കേറ്റെന്നുമായിരുന്നു യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി നടത്തിയ പ്രതികരണം.

