ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുമെന്ന് അറിയിപ്പ്

ദുബൈ: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വന്ന സാഹചര്യത്തില്‍ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ്. നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്‍തത്. പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ സര്‍ക്കാറിന്റെ അറിയിപ്പിന് അനുസൃതമായി ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും മാറ്റം വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയും തിങ്കള്‍ മുതല്‍ വെള്ളിയാഴ്‍ച ഉച്ച വരെ പ്രവൃത്തി ദിനവുമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ബാധകമാക്കിയതെങ്കിലും അബുദാബിയിലെയും ദുബൈയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് അതത് എമിറേറ്റുകള്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ രീതി പിന്തുടരുമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റി ട്വീറ്റ് ചെയ്‍തത്. സുഗമമായ രീതിയില്‍ പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.