ഹെലികോപ്റ്റർ അപകടം; 14 യാത്രികരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട്


 

ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ കാത്തിരിക്കുകയാണ് രാജ്യം. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed