വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളുടെ യാത്രാ വിലക്ക് നീക്കി യുഎഇ

അബുദാബി: യുഎഇ സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി മുതല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാനാവും.
അതേസമയം വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിയന്ത്രണം തുടരും. യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, രോഗികള്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍, സ്‍കോളര്‍ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര അനുവദിക്കും. എന്നാല്‍ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
വിദേശത്ത് നിന്ന് മടങ്ങി വരുമ്പോള്‍ 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധന, ആറ് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന എന്നിവ നടത്തണം. യുഎഇയില്‍ എത്തിയാലുടനെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. പിന്നീട് നാലാം ദിവസും എട്ടാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും വേണം. വാക്സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീനുണ്ടാവും. ഇവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെയും പിന്നീട് ഒന്‍പതാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.