വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി: അബുദാബിയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു മരണം

അബുദാബി: ഇന്നലെ അബുദാബി നഗരത്തിൽ നിന്നും 230 കിലോമീറ്റർ അകലെ ഹലീബിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഇതിൽ രണ്ട് മലയാളികളും മൂന്ന് ഇന്ത്യക്കാരും ആണ് ഉള്ളത്. കൂട്ടിയിടിച്ച വാഹനങ്ങൾ തമ്മിൽ കത്തിപിടിച്ചാണ് ഇവർ മരിച്ചത്.
കാറിന്‍റെ ഡ്രൈവർ ആയിരുന്ന മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തിൽ ബാപ്പു ഹാജിയുടെ മകൻ ഇബ്രാഹിം (55), പാലക്കാട് ചാലിശ്ശേരി സ്വദേശി സീനിയർ കമ്മിഷണിങ് എൻജിനീയർ രാജു ചീരൻ സാമുവൽ (42) എന്നിവരാണ് മരിച്ച മലയാളികൾ. ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എൻജിനീയർ പങ്കിൾ പട്ടേൽ (26) കൂടാതെ വനിതയടക്കം മരിച്ച മറ്റു രണ്ടു പേരും സ്വദേശികളാണ്.
താമസ സ്ഥലത്ത് നിന്ന് ലീബിലെ ഓയിൽഫീൽഡിലേക്ക് പോകവെ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം നടന്നത്. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയപ്പോൾ അമിത വേഗത്തിലെത്തിയ ലാൻഡ്ക്രൂയിസർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചു. നാലു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്വദേശി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.