ദുബൈയിൽ വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി പിടിയിൽ
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി പിടിയിൽ. 32കാരനായ പാകിസ്ഥാന്‍ സ്വദേശിയാണ് പിടിയിലായത്.ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2020 ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇയാൾ. വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇയാളുടെ കൈവശമുണ്ടായിരുന്ന കൊവിഡ് പിസിആർ പരിശോധനാ ഫലം പരിശോധിച്ചു. എന്നാൽ ഇതിന്റെ കാലാവധി കഴിഞ്ഞതായി കണ്ടതോടെ പുതിയ കൊവിഡ് പരിശോധാ ഫലം കൊണ്ടുവരാൻ യുവാവിനോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോയ യുവാവ് അരമണിക്കൂറിനുള്ളിൽ പുതിയ കൊവിഡ് പരിശോധനാ ഫലവുമായി തിരികെയെത്തി.
പുതിയ കൊവിഡ് പരിശോധനാ ഫലം പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഇതിലെ തീയതി തിരുത്തി കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. ഷാർജയിൽ നിന്നാണ് പരിശോധന നടത്തിയതെന്നും എന്നാൽ ഇതിന് മൂന്നു ദിവസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതെന്നും പാകിസ്ഥാൻ യുവാവ് ദുബൈ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ പരിശോധനാ ഫലത്തിലെ തീയതി മാറ്റി പുതിയത് ടൈപ്പ് ചെയ്ത് ചേർക്കുകയുമായിരുന്നെന്ന് യുവാവ് സമ്മതിച്ചു.
തുടർന്ന് ഇയാളെ സഹായിച്ച 30കാരനായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖ ഉണ്ടാക്കി കൈമാറിയതായി ഇയാളും സമ്മതിച്ചു. ഇരുവർക്കുമെതിരെ വ്യാജരേഖ ഉണ്ടാക്കിയതിനും അത് ഉപയോഗിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി.

