രണ്ട് വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച : പാക് സംഘം ഇന്ത്യയിൽ
ന്യൂഡൽഹി : രണ്ട് വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നിർണായക ചർച്ച. സിന്ധു നദീജല കരാർ സംബന്ധിച്ചാണ് ചർച്ച നടത്തുന്നത്. ഡൽഹിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പാക് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തിയിട്ടുണ്ട്. നാളെയും മറ്റെന്നാളുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള 116 ാമത് യോഗം നടക്കുക.
ലഡാക്കിലെ നിരവധി ജലവൈദ്യുത പദ്ധതികൾക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ പാക് സംഘം ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. പാകിസ്താന്റെ സിന്ധു ജല കമ്മീഷണറായ സയീദ് മുഹമ്മദ് മെഹർ അലി ഷാ ആയിരിക്കും സംഘത്തെ നയിക്കുക. ഇന്ത്യയുടെ സിന്ധുജല കമ്മീഷണർ പി.കെ. സക്‌സേനയും കേന്ദ്ര ജലകമ്മീഷനിൽ നിന്നുള്ള ഉപേദഷ്ടാവും രാജ്യത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കും.
ജമ്മു കശ്മീരിലെ പക്കൽ ദുൽ പദ്ധതി, ലോവർ കൽനായി ജലവൈദ്യുത പദ്ധതി, പടിഞ്ഞാറൻ നദികളിലുള്ള ഇന്ത്യയുടെ പുതിയ പദ്ധതികൾ എന്നിവ സംബന്ധിച്ചും ചർച്ചകൾ നടക്കുമെന്ന് ഉന്നത തല വൃത്തങ്ങൾ അറിയിച്ചു. ഭാവി കൂടിക്കാഴ്ചകൾ സംബന്ധിച്ച് തീരുമാനമെടുക്കും എന്ന സൂചനകളും ലഭിക്കുന്നുണ്ട്.
സിന്ധു നദീജല കരാർ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയും പാകിസ്താനും തമ്മിൽ വർഷം തോറും ചർച്ചകൾ നടത്തണം. എന്നാൽ കശ്മീരിലെ അമിതാധികാരം റദ്ദാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും കൊറോണ ലോക്ഡൗണും കാരണം ചർച്ച നീണ്ടുപോകുകയായിരുന്നു.

