യുഎഇയിൽ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി
അബുദാബി: യുഎഇയിലെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം പേരാണ് പരീക്ഷണത്തിന് തയ്യാറായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാക്സിനെടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കന്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കന്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുൾപ്പെട്ട വാക്സിൻ പരീക്ഷണം അബുദാബിയിൽ നടത്തുന്നത്. ആബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്‍ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിൻ സ്വീകരിച്ചത്.
പരീക്ഷണത്തിനായി വാക്സിൻ സ്വീകരിക്കുന്നവർ 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ രാജ്യം വിടാൻ പാടില്ല. ഇതിന് ശേഷവും ആറ് മാസത്തേക്ക് ടെലി കൺസൾട്ടേഷൻ വഴി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയികരമായി പൂർത്തിയായിരുന്നു.


