വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യുഎഇ
ദുബൈ: വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സർക്കാർ. താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയർ ഇന്ത്യ അനുമതി തേടിയത്. യുഎഇയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി നിലവിൽ ഒഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയർ ഇന്ത്യ സർവ്വീസ് നടത്തുന്നത്.എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി ആളെ കൊണ്ടുവരരുതെന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിൽ മാത്രമേ ആളുകളെ കൊണ്ടുവരാൻ ആകുകയുള്ളൂവെന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യുഎഇ സർക്കാർ എയർ ഇന്ത്യയെ അറിയിച്ചു.

