അണുനശീകരണത്തിന് സ്മാർട് ഗേറ്റുകൾ സ്ഥാപിച്ച് ഷാർജ പോലീസ്
ഷാർജ: കോവിഡ്–19 അണുനശീകരണത്തിന് ഷാർജ പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ സ്മാർട് ഗേറ്റുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥർ അണുമുക്തരാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ സ്മാർട് ഡിസ് ഇൻഫെക് ഷൻ കവാടത്തിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തിൽ 1300 ഉദ്യോഗസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഷാർജ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ടെക്നിക്കൽ വർക് ഷോപ്പിലുണ്ടാക്കിയതാണ് ഈ കവാടങ്ങളെന്ന് സപ്പോർട് സർവീസ് വിഭാഗം ജനറൽ സർവീസസ് ശാഖ ഡയറക്ടർ ലഫ്. എന്‍ജിനീയർ ഹനദി ഖലീഫ അൽ ഖബൂരി പറഞ്ഞു.
വാഹനങ്ങൾക്കും ഇത്തരത്തിലുള്ള ഗേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം, ആംബുലൻസ്, റെസ്ക്യു വിഭാഗങ്ങൾ, ഷാർജ പ്യുനിറ്റീവ് ആൻഡ് റിഹാബിലിറ്റേഷൻ എസ്റ്റാബ്ലിഷ്മെൻ്റ്, സ്പെഷ്യൽ ടാസ്ക്സ് ഫോഴ്സസ് വിഭാഗം എന്നിവയ്ക്കു മുൻപിലാണ് കവാടങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
സ്മാർട് ഡിസ് ഇൻഫെക് ഷൻ ഗേറ്റിലൂടെ കടന്നുപോകുന്നവരുടെ ദേഹത്ത് 10 സെക്കൻഡുകളിലേയ്ക്ക് അണുനാശിനി തളിക്കപ്പെടും. അണുനാശിനി ശേഖരിച്ച ടാങ്ക് ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്. അണുനാശിനി ശരീരത്തേയോ വസ്ത്രങ്ങളേയോ പ്രതികൂലമായി ബാധിക്കില്ലെന്നും അൽ ഖബൂരി വ്യക്തമാക്കി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഷാർജ പോലീസ് ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

