ചോരയൊലിക്കുന്ന കണ്ണുകളുമായി ഇന്ത്യൻ വീട്ടമ്മയുടെ സഹായാഭ്യർത്ഥന; ഭർത്താവിന് യു.എ.യിൽ ജാമ്യം നിഷേധിച്ചു
ഷാർജ: ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചതിന് ഷാർജ പോലീസിന്റെ പിടിയിലായ ഇന്ത്യക്കാരന് പ്രോസിക്യൂഷൻ ജാമ്യം നിഷേധിച്ചു. ഭർത്താവിന്റെ ഉപദ്രവത്തിൽ ഗുരുതരമായി പരിക്കേറ്റ 33 വയസുകാരി ജാസ്‍മിന്‍ സുൽത്താന ട്വിറ്ററിലൂടെ തന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കണ്ണുകളിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു സഹായം തേടിയുള്ള ജാസ്‍മിന്റെ വീഡിയോ. വീഡിയോ ശ്രദ്ധയിൽപെട്ട ഉടനെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് ഭർത്താവ് മുഹമ്മദ് ഖിസറുള്ളയെ കസ്റ്റഡിയിലെടുക്കുകയും ജാസ്മിനെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉപദ്രവത്തിന്റെ ഫലമായി ജാസ്മിന് പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടും സ്ഥിരീകരിച്ചത്. ഇതോടെയാണ് ഭർത്താവിന് പ്രോസിക്യൂഷൻ ജാമ്യം നിഷേധിച്ചത്. അന്വേഷണത്തിനായി പോലീസ് കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ബംഗളുരു സ്വദേശിയായ ജാസ്‍മിന്‍ സുൽത്താന എന്ന 33കാരിയാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് ട്വിറ്ററിലൂടെ സഹായം തേടിയത്. താൻ ബംഗളുരു സ്വദേശിയാണെന്നും അഞ്ച് വയസും 17 മാസവും പ്രായമുള്ള രണ്ട് മക്കൾക്കൊപ്പം ഷാർജയിൽ താമസിക്കുകയാണെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.
എച്ച്.ആർ പ്രൊഫഷണലായ ജാസ്‍മിന്‍നും എച്ച്.ആർ മേഖലയിൽ തന്നെ ജോലി ചെയ്യുന്ന മുഹമ്മദ് ഖിസറുള്ളയും തമ്മിലുള്ള വിവാഹം 2013ലായിരുന്നു. ജാസ്മിന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും തന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഉപദ്രവിക്കുമായിരുന്നുവെന്നും താൻ എല്ലാം സഹിച്ച് സഹകരിച്ച് വരികയായിരുന്നുവെന്നുമാണ് ജാസ്മിൻ പറഞ്ഞത്. തന്റെ അച്ഛന്‍ നൽകിയ ആഭരണങ്ങളെല്ലാം ഭർത്താവ് പിടിച്ചുവാങ്ങി. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ജാസ്മിന്റെ വീട്ടുകാർ പലതവണ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞ ദിവസം കുട്ടികൾക്ക് മുന്നിൽവെച്ച് തന്നെ ക്രൂരമായി മർദ്ദിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചു. രക്ഷപെടാതിരിക്കാൻ വീടിന്റെ വാതിലുകൾ അടച്ചായിരുന്നു മർദ്‍ദനം. ഫോൺ കണക്ഷൻ വിച്ഛേദിച്ചു. എന്നാൽ മൊബൈൽ ഫോൺ തന്റെ പക്കൽ തന്നെയുണ്ടായിരുന്നു. മർദ്‍ദനത്തിന് ശേഷം അഞ്ച് വയസ്സുള്ള മകൻ കരച്ചിൽ നിർത്താതെ വന്നപ്പോഴാണ് തന്നെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്. അജ്മാനിലെ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഒന്നും പറയരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാതെ താൻ ഡോക്ടറോട് എല്ലാം പറഞ്ഞു. ആശുപത്രി അധികൃതർ ഷാർജ പോലീസിനെ വിവരമറിയിച്ചു. മൊഴിയെടുക്കാൻ പിറ്റേദിവസം വരണമെന്നായിരുന്നു അറിയിച്ചത്.
പിന്നാലെ അയൽവാസിയുടെ വീട്ടിന് മുന്നിലെത്തിയപ്പോൾ ഛർദ്ദിച്ച് താൻ നിലത്തുവീണു. അവർ ആംബുലൻസ് വിളിച്ച് അൽ ഖാസിമി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് താൻ വീഡിയോ പോസ്റ്റ് ചെയ്തത്.
നിരവധിപ്പേർ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ യുഎഇ അധികൃതരെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളെയും മന്ത്രിമാരെയും ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഉടൻ ഇടപെട്ട ഷാർജ പോലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടിട്ടു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യുവതി, പിന്നീട് പറഞ്ഞു.വിദ്യാസന്പന്നയായ തനിക്ക് നാട്ടിലേക്ക് പോകാൻ കഴിഞ്ഞാൽ കുട്ടികളെ സംരക്ഷിക്കാനാവുമെന്നും ജാസ്‍മിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

