വ്യാപാര,വിനോദസഞ്ചാര ബന്ധങ്ങൾ ശക്തമാക്കണം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി


അബുദാബി: ഇന്ത്യൻ മഹാ സമുദ്രവുമായി അതി‍ർത്തി പങ്കിടുന്ന രാജ്യങ്ങൾ മുഖേനയുള്ള വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങൾ ശക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ (ഐ.ഒ.ആർ.എ) അംഗമായ 22 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇന്ത്യ ഈ ആവശ്യമുന്നയിച്ചത്. ലോകത്ത് അതിവേഗം വളരുന്ന ഏഷ്യൻ, ഓഷ്യാനിയ, ആഫ്രിക്കൻ രാജ്യങ്ങളെ കടൽമാർഗം ബന്ധിപ്പിക്കുന്ന  ഐ.ഒ.ആർ.എ കൂട്ടായ്മയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. നയരൂപീകരണത്തിനും അക്കാദമിക് പഠനങ്ങൾക്കും ഉപരി വ്യാപാര പങ്കാളിത്തത്തിന് അവസരമൊരുക്കി പ്രവ‍ർത്തന മേഖല വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ വാണിജ്യ, വ്യവസായ മേഖലകൾക്കു ഇതിനായി വലിയ സംഭാവന നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ ബിസിനസ് ചേംബറുമായി സഹകരിച്ച് 2020ൽ ബീച്ച് ക്രൂസ് ടൂറിസം ശിൽപശാല സംഘടിപ്പിക്കും. നാഷനൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേ‍ർന്നു ചലചിത്ര നിർമ്മാണ കോഴ്സും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഐ.ഒ.ആർ.എ ഫണ്ടിലേക്ക് പത്ത് ലക്ഷം ഡോളർ ഇന്ത്യ സംഭാവന ചെയ്തിരുന്നു. യു.എ.ഇ മന്ത്രിയും അബുദാബി ഗ്ലോബൽ മാർക്കറ്റ് എക്സിക്യൂട്ടിവ് ചെയർമാനുമായ അഹമ്മദ് അലി അൽ സായഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ 22 രാജ്യങ്ങളിലെയും വിദേശ മന്ത്രിമാർ പങ്കെടുത്തു.
22 വർഷം മുൻപ്, ഇന്ത്യൻ മഹാ സമുദ്രവുമായി അതി‍ർത്തി പങ്കിടുന്ന കൂട്ടായ്മ സ്ഥാപിക്കാൻ മുൻകയ്യെടുത്തത് ഇന്ത്യയായിരുന്നു. ആദ്യത്തെ ഇന്ത്യൻ ഓഷ്യൻ ഡയലോഗ് 2015ൽ കൊച്ചിയിലാണു സംഘടിപ്പിച്ചത്. ഇന്ത്യൻ മഹാ സമുദ്ര മേഖലയുടെ ജിയോ പൊളിറ്റിക്കൽ രൂപരേഖ, സമുദ്രസുരക്ഷാ വെല്ലുവിഴികൾ, സാമ്പത്തിക സഹകരണം, ദുരന്ത നിവാരണ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നയരേഖ കൊച്ചി കൺസെൻസസ് എന്നറിയപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed