പൊലീസ് വേഷത്തിൽ എത്തി വൻ മോഷണം
ദുബായ് : പൊലീസ് വേഷത്തില്‍ വാഹനത്തിലെത്തി രണ്ടു പേരെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘത്തിന് ശിക്ഷ വിധിച്ചു. പ്രതികൾക്ക് ദുബായ് പ്രാഥമിക കോടതി മൂന്നു വർഷം ശിക്ഷയാണ് വിധിച്ചത്. 35 ലക്ഷം ദിര്‍ഹമാണ് (ഏതാണ്ട് 6.5 കോടി രൂപ) ഇവര്‍ പാക്–അഫ്ഗാൻ പൗരന്മാരില്‍ നിന്ന് കൈക്കലാക്കിയത്. 39 വയസുള്ള ഒരു സ്വദേശിയും 38 കാരനായ സിറിയക്കാരനുമായിരുന്നു തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാര്‍. രണ്ട് പ്രധാന പ്രതികള്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനും നാലു പാകിസ്ഥാന്‍ പൗരന്മാരുമടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ കുറ്റം ചെയ്യാൻ സഹായിക്കുക തട്ടികൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നൈഫ് ഭാഗത്തുവച്ചാണ് വെച്ചാണ് പ്രതികൾ പണം കവര്‍ന്നത്. ലാന്റ് ക്രൂയിസര്‍ കാറിലെത്തി പാക്ക്–അഫ്ഗാൻ പൗരന്മാരെ തടഞ്ഞുനിര്‍ത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. ഇരുവരുടെ പക്കലുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച് കേസുണ്ടെന്ന് അറിയിക്കുകയും തുടര്‍ന്ന് ഇവരെ പണം സൂക്ഷിച്ചിരുന്ന ജബല്‍ അലിയില്‍ എത്തിക്കുകയുമായിരുന്നു. പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയവർ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പണം പിടിച്ചെടുക്കുയാണെന്ന് അറിയിച്ചുവെന്ന് തട്ടിപ്പിന് ഇരയായ ഒരാൾ കോടതിയിൽ വ്യക്തമാക്കി.

