ഒറ്റയക്ഷരത്തില്‍ തുടങ്ങുന്ന പ്രഥമ സര്‍ക്കാര്‍ ഡൊമൈന്‍ യു.എ.ഇക്ക് സ്വന്തം
ദുബൈ: യു.എ.ഇയുടെ ഔദ്യോഗിക സര്‍ക്കാര്‍ പോര്‍ട്ടലിനു വേണ്ടി നാമകരണം ചെയ്ത ഡൊമൈന്‍ ഒറ്റയക്ഷരത്തില്‍ തുടങ്ങുന്ന ലോകത്തിലെ പ്രഥമ സര്‍ക്കാര്‍ ഡൊമൈന്‍ എന്ന അംഗീകാരം സ്വന്തമാക്കി. രാജ്യത്തിെന്‍റ പേര് തന്നെ ഉള്‍ക്കൊള്ളുന്ന u.ae ഡൊമൈനാണ് പ്രധാനമന്ത്രിയുടെ ഓഫീസും ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി(ട്രാ)യും ചേര്‍ന്ന് പുറത്തിറക്കിയത്.
പുതിയ വെബ്നാമം രാജ്യത്തിെന്‍റ ആദ്യാക്ഷരവും 'ജനങ്ങള്‍ക്ക് വേണ്ടി' (for you) എന്ന ആശയവും ഉള്‍ക്കൊള്ളുന്നതുമാണെന്നു 'ട്രാ' ഡയറക്ടര്‍ ജനറല്‍ ഹമദ് ഒബെയ്ദ് അല്‍ മന്‍സൂരി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ ആശയങ്ങള്‍ പരമാവധി ജനങ്ങള്‍ക്ക് വേണ്ടി കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തണം എന്ന കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന ഭരണാധികാരികളുടെ പിന്തുണകളോടെയാണ് ഇതു സാധ്യമാകുന്നത്. പുതിയ പോര്‍ട്ടലില്‍ പ്രാദേശിക, ഫെഡറല്‍ സര്‍ക്കാറുകളുടെ 3730 ഇ-^സര്‍വീസ് പോര്‍ട്ടലുകളുടെ പട്ടിക ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ തന്നെ വിന്യസിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു എമിറേറ്റിനു കീഴിലെ ഉപയോക്താക്കളുടെ ആവശ്യത്തിനനുസൃതമായി പെട്ടെന്ന് തെരഞ്ഞെടുക്കാനും കഴിയും. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പുതുമയുള്ള ക്രിയാത്മകമായ ആശയങ്ങള്‍ സമര്‍പ്പിക്കുവാനുള്ള പേജും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചെല്ലാതെ തന്നെ എവിടെ നിന്നും പണമിടപാടുകള്‍ അടക്കം സുരക്ഷിതമായി നടത്തി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന വിവിധ ഇ-പോര്‍ട്ടലുകള്‍ യു.എ.യില്‍ ഇതിനകം തന്നെ ഏറെ ജനകീയമാണ്. സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സമ്മാനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സര്‍ക്കാര്‍ സേവനം സംബന്ധിച്ച വിവരങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ അറിയിക്കുന്നവര്‍ക്കാണ് സര്‍പ്രൈസ് സമ്മാനം ലഭിക്കുക.

