ഇന്ത്യന്‍ എംബസിയുടെ കോണ്‍സല്‍ സേവനങ്ങള്‍ക്ക് തുടക്കമായി
അബുദാബി : അബുദാബി മലയാളി സമാജത്തില്‍ എംബസി പാസ്പോര്‍ട്ട് കോണ്‍സല്‍ കെ.സുരേഷ് ഭദ്രദീപം കൊളുത്തി ഇന്ത്യന്‍ എംബസിയുടെ കോണ്‍സല്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍, അറ്റസ്റ്റേഷന്‍, എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പോലീസ് ക്ലിയറന്‍സ് തുടങ്ങിയ സേവനങ്ങളാണ് മലയാളി സമാജത്തില്‍ തുടക്കമായ പദ്ധതിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ തൊഴില്‍ലാളികള്‍ ധാരാളമായി അധിവസിക്കുന്ന മുസഫ, ഐക്കാഡ്, ഷാബിയ, വത്ബ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം എംബസിയുടെ കോണ്‍സല്‍ സേവനങ്ങള്‍ മുസഫ മലയാളി സമാജത്തില്‍ എത്തിയാല്‍ ലഭ്യമാവും.
സാധാരണ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസി സേവനകേന്ദ്രങ്ങളില്‍ എത്താതെ മുസഫയില്‍ നിന്ന് തന്നെ സേവനങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും. ബി.എല്‍.എസ്, ഐ.വി.എസ് പ്രതിനിധികള്‍ മുഴുവന്‍ സംവിധാനവുമായി എത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് സേവനം.

