വ്യാജമുദ്രപ്പതിപ്പിച്ച സ്വർണം വിൽപ്പന നടത്താൻ ശ്രമം: വ്യക്തിക്കെതിരെ നിയമനടപടി
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗിക ഹാൾമാർക്ക് (മുദ്ര) ഇല്ലാത്ത സ്വർണാഭരണങ്ങൾ കൈവശം വയ്ക്കുകയും വിൽപ്പന നടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ പബ്ലിക് പ്രൊസിക്യൂഷൻ മൈനർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. വ്യവസായ വാണിജ്യ മന്ത്രാലയം സ്വർണ-രത്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
പരിശോധനയിൽ ഔദ്യോഗിക മുദ്രയില്ലാത്ത 18 കാരറ്റിന്റെ 226 സ്വർണാഭരണങ്ങൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 4.82 കിലോഗ്രാം തൂക്കമുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി പ്രൊസിക്യൂഷൻ അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വർണ വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഹാളമാർക്കിംഗ് വ്യവസ്ഥകൾ നിർബന്ധമാണെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. വിപണിയുടെ വിശ്വാസ്യത നിലനിർത്തുന്നതിനായി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
aa

