ബസുകൾ വാങ്ങാൻ ദുബൈ ആർ.ടി.എക്ക് 46.5 കോടിയുടെ കരാർ
ദുബൈ : 316 ബസുകൾ വാങ്ങാൻ 46.5 കോടി ദിർഹത്തിന്റെ കരാറിൽ ആർ.ടി.എ ഒപ്പുവെച്ചു. യൂറോ 5, യൂറോ 6 എൻജിനുകൾ ഉള്ള ഇത്തരം ബസുകൾ മധ്യപൂർവ്വദേശത്ത് ആദ്യമാണ്. 149 ഡീലക്സ് വോൾവോ ബസുകൾ, 79 ഡബിൾ ഡക്ക്മാൻ ബസുകൾ, 94 മീഡിയം സൈസ് ഓപ്റ്റയർ ബസുകൾ എന്നിവയാണു വാങ്ങുന്നത്.
അബുദാബിയിലേക്കും വടക്കൻ എമിറേറ്റുകളിലേക്കുമുള്ള ഇന്റർസിറ്റി സർവ്വീസുകൾക്കാണ് ഡീലക്സ് വോൾവോ ബസുകൾ ഉപയോഗിക്കുക. യൂറോ 6 എൻജിനുള്ള ഇതിൽ 55 യാത്രക്കാർക്ക് സഞ്ചരിക്കാം. സൗജന്യ ഇന്റർനെറ്റ്, യു.എസ്.ബി പോർട്ടൽ, മൊബൈൽ ഫോൺ ചാർജറുകൾ, കാലുകൾ നീട്ടിവച്ച് ഇരിക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ട്. 100 യാത്രക്കാർക്കു കയറാവുന്ന ഡബിൾ ഡക്ക് ബസിലും സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ ലഭ്യമാണ്.
ഉൾപ്രദേശങ്ങളിലേക്കുള്ള ചെറിയ ഓപ്റ്റെയർ ബസുകളിൽ 33 പേർക്കു യാത്രചെയ്യാനാകും. മറ്റു ബസുകളിലുള്ള എല്ലാ സൗകര്യങ്ങളും ഇതിലുമുണ്ട്. ആർ.ടി.എക്കു വേണ്ടി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി.ഇ.ഒയാണ് വിവിധ കന്പനി പ്രതിനിധികളുമായി കരാറിൽ ഒപ്പുവച്ചത്.
