ഫോൺ തട്ടിപ്പ് തടയാൻ സമൂഹമാധ്യമങ്ങൾ വഴി അബുദാബി പോലീസിന്റെ ബോധവൽക്കരണം
അബുദാബി : ഫോൺ തട്ടിപ്പ് തടയാൻ സമൂഹമാധ്യമങ്ങൾ വഴി അബുദാബി പോലീസിന്റെ ബോധവൽക്കരണം. അറബിക്, ഇംഗ്ലിഷ്, ഉർദു, ഫിലിപ്പീൻസ് ഭാഷകളിലാണ് വീഡിയോകളും ബോധവൽക്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്. ഫോൺ തട്ടിപ്പിനിരയാവുന്നവരുടെ വിവരങ്ങൾ അടക്കമാണ് അബുദാബി പേലീസ് ജനറൽ കമാൻഡ് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
സ്മാർട്ട് ഫോണുകളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നവരാണ് തട്ടിപ്പിനിരയാവുന്നവരിൽ അധികവും. വിവിധ സാമൂഹിക സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ പോലീസിനൊപ്പം ജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സഹകരണവും ഏകീകൃത പ്രവർത്തനവും വളരെ പ്രധാനമാണെന്ന് അബുദാബി പോലീസ് ജനറൽ കമാൻഡ് അഫയേഴ്സ് സെക്ടർ സെക്യൂരിറ്റി മീഡിയ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ മുഹമ്മദ് അൽ മുഹൈരി ചൂണ്ടിക്കാട്ടി. ഫോൺ തട്ടിപ്പിനിരയാവുന്നവരുടെ ദുരിത കഥകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ബോധവൽക്കരിക്കാനും മുൻകരുതൽ നടപടി എടുക്കാനും സഹായിക്കും.
അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള സംശയകരമായ കോളുകളോ സന്ദേശങ്ങളോ വളരെ ശ്രദ്ധയോടും കരുതലോടും വേണം സ്വീകരിക്കാനെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതരിൽ നിന്നെത്തുന്ന കാര്യങ്ങൾ ഗൗരവമായി കാണുന്നതിനു മുന്പ്് പുനർവിചിന്തനം നടത്താൻ തയ്യാറാവണം. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ അബുദാബി പോലീസ് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
ഫോണിലൂടെ ലോട്ടറിയടിച്ചതായും മറ്റും ലഭിക്കുന്ന സന്ദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കുകയോ 2828 എന്ന നന്പറിലേക്ക് എസ്.എം.എസ് സന്ദേശമയയ്ക്കുകയോ ചെയ്യാം. ഫോൺ തട്ടിപ്പിനിരയാകാതെ മുൻ കരുതലെടുക്കാൻ അബുദാബി പൊലീസ് ജനങ്ങളെ സഹായിക്കും.
8002626 എന്ന ടോൾ ഫ്രീ നന്പറിൽ യു.എ.ഇയിലെ എല്ലാ താമസക്കാർക്കും ഇത്തരം പരാതികൾ അറിയിക്കാം. റസിഡൻസി വിസയിലുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും ക്രെഡിറ്റ് കാർഡിനെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പു നടത്തുകയും ചെയ്യുന്നു. മൂന്നു വർഷത്തിനിടയിൽ കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി അബുദാബി പോലീസ് ആക്ടിംങ് ക്രിമിനൽ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.
