അറേബ്യൻ ട്രാവൽ മാർക്കറ്റിന് തുടക്കമായി : വൻ പദ്ധതികളുമായി ലോകരാജ്യങ്ങൾ

ദുബൈ : അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) ദുബൈയിൽ ഗംഭീര തുടക്കം. മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടനം വേൾഡ് ട്രേഡ് സെന്ററിൽ ദുബൈ ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവ്വഹിച്ചു. 150ൽ ഏറെ രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള മേളയിൽ 2500 കന്പനികൾ പങ്കെടുക്കുന്നു. മേള 25നു സമാപിക്കും.
പ്രമുഖ വിമാനക്കന്പനികളും ഹോട്ടലുകളും ആകർഷകമായ പാക്കേജുകൾ അവതരിപ്പിക്കുന്നു. ഇത്തവണ കൂടുതൽ കന്പനികൾ എത്തിയിട്ടുണ്ട്. 2020 എക്സ്പോ മുൻനിർത്തിയുള്ള പദ്ധതികളും പാക്കേജുകളുമാണ് മേളയുടെ പ്രത്യേകത. ഭാവിയുടെ യാത്ര, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയവയെക്കുറിച്ച് വിവരിക്കുന്ന ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് ഇന്നലെ നടന്നു. ഹലാൽ ടൂറിസം, ട്രാവൽ രംഗത്തെ സാങ്കേതിക വിദ്യ, ഏവിയേഷൻ എന്നിവയിൽ സെമിനാറുകൾ, ബിസിനസ് നെറ്റ്‌വർക്കിംങ് മീറ്റിംങ്ങുകൾ തുടങ്ങിയവയുണ്ടാകും.
ദുബൈയിലേക്കുള്ള ക്രൂസ് ടൂറിസം പാക്കേജുകളിലേക്ക് കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കാനും പദ്ധതിയുണ്ട്. 2021 ആകുന്പോഴേക്കും വിവിധ രാജ്യങ്ങളിൽ നിന്നു പത്തുലക്ഷം സന്ദർശകർ ഉല്ലാസപ്പരപ്പിലൂടെ ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കു ക്രൂസ് സർവ്വീസുകൾ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
ചൈന, റഷ്യ, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരെയും ലക്ഷ്യമിടുന്നുണ്ട്. ക്രൂസ് ടൂറിസത്തിന്റെ പ്രധാനകേന്ദ്രമായി ദുബൈ മാറുകയാണ്. ഒക്ടോബർ 25 മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്നതാണ് യു.എ.ഇ ക്രൂസ് ടൂറിസം സീസൺ. 2013 മുതൽ 2017 വരെ ദുബൈയിൽ 19 ലക്ഷത്തോളം ക്രൂസ് ടൂറിസ്റ്റുകൾ എത്തിയതായാണു കണക്ക്.