സൗദിയിലെ നിർമ്മാണ മേഖല പുത്തൻ ഉണർവ്വിലെന്ന് റിപ്പോർട്ട്

ജിദ്ദ : സൗദിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന നിർമ്മാണ മേഖല പ്രതിസന്ധിയിൽനിന്ന് കരകേറുന്നതായി റിപ്പോർട്ട്. സാന്പത്തിക പ്രതിസന്ധി കാരണം നിരവധി നിർമ്മാണ കരാർ സ്ഥാപനങ്ങൾപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈയിടെ ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി വികസന പദ്ധതികളാണ് നിർമ്മാണ കരാർ മേഖലയെ ഉണർത്തിയതെന്ന് നാഷണൽ കോൺട്രാക്‌ടേഴ്‌സ് കമ്മിറ്റി പ്രസിഡണ്ട് എൻജി. ഫഹദ് അൽ നസ്ബാൻ വ്യക്തമാക്കി. അനേകം പാർപ്പിട പദ്ധതികൾ, അൽഖദിയ്യ പ്രൊജക്ട്, നിയോം പദ്ധതി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ രാജ്യത്തിന് നൽകിയ ഉണർവ് ചെറുതല്ല.
വൈകാതെ തന്നെ, നിർമാണ മേഖല മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ ആറ് ശതമാനം കൈവരിക്കുമെന്ന് എൻജി. ഫഹദ് അൽ നസ്ബാൻ സൂചിപ്പിച്ചു. മൂന്ന് ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്ന മേഖലയിൽ 35,000 എൻജിനീയർമാരുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 20 ശതമാനം നിർമ്മാണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 1,20,000 കരാർ നിർമ്മാണ മേഖലാ സ്ഥാപനങ്ങളിലായി ആകെ 4.5 മില്യൺ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ദേശീയ വരുമാനം വർദ്ധിപ്പിക്കുന്നതിൽ മേഖലക്ക് നിർണായകമായ പങ്കുണ്ടെന്ന് വ്യക്തം.
കരാർ മേഖല അഭിവൃദ്ധിപ്പെടുന്നത് വഴി നിർമ്മാണ, പുനഃർനിർമാണ മേഖലകളും അനുബന്ധ സാമഗ്രികൾ വിൽപ്പന നടത്തുന്ന മേഖലകളും ഉണരും. സൗദി അറേബ്യ സാന്പത്തികമായി വളർച്ച കൈവരിച്ചതിന് ശേഷം നിർമ്മാണ മേഖല ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിട്ടത് കഴിഞ്ഞ അഞ്ച് വർഷമായിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ പകുതിയിൽ അധികം ഇടിവ് സംഭവിച്ചതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.
പ്രതിസന്ധികളും തടസ്സങ്ങളുമെല്ലാം തരണം ചെയ്യാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഔത്സുക്യം കാണിച്ചതാണ് ദീർഘകാലമായി നേരിട്ട തകർച്ചയിൽ നിന്ന് കരാർ നിർമ്മാണ മേഖല രക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.