ഭീ­കരതയ്ക്കെ­തി­രെ­ നടപടി­കൾ ശക്തമാ­ക്കാനൊരുങ്ങി ഇന്ത്യയും യു.­എ.ഇയും


ദുബൈ : ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെയുള്ള നടപടികൾ ശക്തമാക്കി യു.എ.ഇയും ഇന്ത്യയും. ഇത് സംബന്ധിച്ച തന്ത്രപ്രധാന സഹകരണത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി  ഇന്ത്യയിലെത്തിയ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

മേഖലാ− രാജ്യാന്തര സാഹചര്യങ്ങൾ വിലയിരുത്തിയ നേതാക്കൾ വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിലുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി. 

ഭീകര ശൃംഖലകൾ, ഭീകരർക്കും തീവ്രവാദികൾക്കും സഹായം നൽകുന്ന സംഘടനകൾ, സാന്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഡോ. ഗർഗാഷ് പറഞ്ഞു. ഇറാന്റെ നയങ്ങളും നടപടികളും മേഖലയ്ക്ക് ഭീഷണിയാണ്. ഇറാനിയൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നയസമീപനങ്ങളാണ് ഭരണകൂടത്തിനുള്ളതെന്നും ചൂണ്ടിക്കാട്ടി. 

വിദേശകാര്യ സഹമന്ത്രി എം.ജെഅക്ബർ, വിദേശകാര്യ സെക്രട്ടറി ഡോ. വിജയ് കുമാർ സിംഗ് തുടങ്ങിയവരുമായും േഡാ. ഗർഗാഷ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൽ റഹ്്മാൻ അൽ ബന്നയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യ−-യു.എ.ഇ പ്രതിരോധ സഹകരണത്തിന്റെയും സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെയും ഭാഗമായി ഇന്ത്യൻ നാവികസേനയുടെ രണ്ട് പടക്കപ്പലുകൾ അബുദാബി സായിദ് തുറമുഖത്ത് എത്തിയിരുന്നു. ഗൾഫ് സ്റ്റാർ വൺ എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാനാണ് ഐ.എൻ.എസ് ഗോമതി, ഐ.എൻ.എസ് കൊൽക്കത്ത എന്നീ കപ്പലുകൾ എത്തിയത്. സംയുക്ത പരിശീലനം, വ്യായാമങ്ങൾ, പങ്കാളിത്തം, പ്രതിരോധ പ്രദർശനങ്ങൾ, കപ്പൽ സന്ദർശനങ്ങൾ എന്നിവ സഹകരണത്തിന്റെ ഭാഗമാണ്. വാണിജ്യമേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനും നിക്ഷേപ പദ്ധതികൾ ഊർജ്ജിതമാക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ എണ്ണ സംഭരണകേന്ദ്രം തുടങ്ങുന്നതടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യവികസനം, ആണവോർജ്ജം, പാരന്പര്യേതര ഊർജ്ജം, ബഹിരാകാശം, സൈബർ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കാർഷികം, ആരോഗ്യം തുടങ്ങിയ മേഖലകളിലും സഹകരണ കരാർ ഒപ്പുവെച്ചിട്ടുണ്ട്. യു-എ-ഇ സ്ഥാനപതികാര്യാലയത്തിന്റെ സഹകരണത്തോടെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തെ ഡോ. ഗർഗാഷ് അഭിസംബോധന ചെയ്തു. 

'ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും മധ്യപൂർവദേശത്തെ പ്രശ്നങ്ങളും' എന്നതായിരുന്നു വിഷയം. അറബ് രാജ്യങ്ങളുടെ ഉൾപ്പെടെ സ്ഥാനപതിമാർ, ന്യൂഡൽഹിയിലെ അറബ് ലീഗ് മേധാവി, രാഷ്ട്രീയ, സാന്പത്തിക വിദഗ്ദ്ധർ എന്നിവർ പങ്കെടുത്തു. 

അതേസമയം  ഇന്ത്യയിൽ എണ്ണ സംഭരണകേന്ദ്രം തുടങ്ങാനുള്ള ഇന്ത്യ−−-യു.എ.ഇ കരാർ സുപ്രധാന ഘട്ടങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. കർണാടകയിലെ മംഗളൂരുവിൽ അടുത്തമാസം അബുദാബിയിൽ നിന്നുള്ള എണ്ണ സംഭരണത്തിന്റെ അടുത്തഘട്ടം ആരംഭിക്കും. മെയ് ആകുന്പോഴേക്കും ഇത് നിറയും. മംഗളൂരുവിലെ രണ്ട് സംഭരണികളിലായി 15 ലക്ഷം ടൺ എണ്ണ നിറയ്ക്കാനാകും. മൂന്നു ടാങ്കറുകളിൽ കൊണ്ടുവരുന്ന എണ്ണകൊണ്ട് സംഭരണികളുടെ പകുതിയോളം നിറയ്ക്കാം. ആദ്യപകുതി ഇതിനോടകം നിറച്ചുകഴിഞ്ഞു. 

വിശാഖപട്ടണത്തും പാടൂരിലും ഇന്ത്യ എണ്ണസംഭരണ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് 13.3 ലക്ഷം ടൺ എണ്ണയും പാടൂരിൽ 25 ലക്ഷം ടൺ എണ്ണയും സംഭരിക്കാനാകും. ഭാവിയിൽ കൂടുതൽ എണ്ണ സംഭരിക്കാനാകും വിധം ഇവയുടെ ശേഷികൂട്ടും. ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന എണ്ണസംഭരണ കേന്ദ്രമാണ് യാഥാർത്ഥ്യമാകുന്നത്. 

ഗതാഗതം, ഓട്ടമൊബൈൽ, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതിക വിദ്യ, ഊർജ്ജം എന്നീ മേഖലകളിൽ പരസ്പരം നിക്ഷേപം വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള സ്ഥാനപതിമാരുടെയും വിരമിച്ച സ്ഥാനപതിമാരുടെയും കൂട്ടായ്മയൊരുക്കി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. വിവിധ മേഖലകളിൽ ഇവർക്കുള്ള പരിജ്ഞാനം ഉഭയകക്ഷി ബന്ധം വളർത്താൻ ഉപയോഗപ്പെടുത്തും. ഓരോ പദ്ധതിയുടെയും പ്രവർത്തനപുരോഗതിയും തുടർനടപടിക്രമങ്ങളും വിലയിരുത്താനും ഇതുവഴി കഴിയും. 

സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും ഉൾപ്പെടെയുള്ള നിർണായക ധാരണാപത്രങ്ങളിൽ ഇന്ത്യയിലെ പവർ ഗ്രിഡ് കോർപ്പറേഷൻ, നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ) എന്നിവയുമായി അബുദാബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി (എ.ഡി.ഡബ്ല്യു.ഇ.എ) ഒപ്പുവെച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed