സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് എട്ടര ലക്ഷത്തോളം പേർ
റിയാദ് : സൗദിയിൽ നിയമലംഘനത്തിന് ഇതുവരെ എട്ടേകാൽ ലക്ഷം പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിലധികമായി സൗദിയിൽ നിയമലംഘകർക്കും അവരെ സഹായിക്കുന്നവർക്കുമായുള്ള പരിശോധന തുടങ്ങിയിട്ട്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ക്യാന്പയിന്റെ ഭാഗമായാണ് തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി ഇതര സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധന നടത്തിവരുന്നത്.
പിടിക്കപ്പെട്ടവരിൽ ആറ് ലക്ഷത്തോളം പേർ ഇഖാമ അഥവാ താമസരേഖ ഇല്ലാത്തവരാണ്. തൊഴിൽ നിയമ പ്രശ്നങ്ങളുടെ പേരിൽ പിടിക്കപ്പെട്ടവർ ഒന്നരലക്ഷത്തിലധികവും. അതിർത്തി നിയമലംഘകരായ എഴുപതിനായിരത്തോളം പേരും അകത്തായി. രണ്ട് ലക്ഷത്തിലേറെ പേരെ ഇതിനകം സൗദിയിൽ നിന്ന് കയറ്റി അയച്ചു. ഒന്നര ലക്ഷം പേർ ടിക്കറ്റ് ബുക്കിംഗിന് വേണ്ടി കാത്തുകിടക്കുകയാണ്. മൂന്ന് ലക്ഷം പേരുടെ നടപടികൾ എംബസിയിലും പാസ്പോർട്ട് വിഭാഗത്തിലുമായി പുരോഗമിക്കുന്നുണ്ട്.

