ഷാർജയിൽ വൻ തീപ്പിടിത്തം : ഇന്ത്യക്കാരനുൾപ്പെടെ അഞ്ച് മരണം
ഷാർജ : അൽ ബുത്തീനയിലെ താമസക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. മൊറോക്കോ വംശജയായ അമ്മയും നാലും ആറും വയസ്സുള്ള രണ്ടുകുട്ടികളും 35 വയസ്സുള്ള ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനി വനിതയുമാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. യു.പി. സ്വദേശിയാണ് മരിച്ച ഇന്ത്യക്കാരൻ.
പരിക്കേറ്റ ആറുപേർ കുവൈത്തി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. പുക ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഒന്പത് പോലീസുകാർക്കും ചികിത്സ ലഭ്യമാക്കി. രാത്രി ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലെ എ.സിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനവിഭാഗവും രണ്ടു മിനിറ്റിനകം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. കെട്ടിടത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ബാച്ചിലേഴ്സാണ് താമസിച്ചിരുന്നത്. സംഭവത്തെത്തുടർന്ന് ചിലരെല്ലാം ഓടിരക്ഷപ്പെട്ടു. ഒന്നാം നിലയിൽ നിന്ന് മുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സമീപത്തെ താമസക്കാർ പറഞ്ഞു.

