ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈൻ റാസൽഖൈമയിൽ
റാസൽഖൈമ : ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈൻ റാസൽഖൈമയിൽ. ഇന്നലെയാണ് ഗിന്നസ് റെക്കോഡ് നേടിയ ജബൽ ജയിസ് ദി വേൾഡ്‌സ് ലോങ്ങസ്റ്റ് സിപ്പ് ലൈൻ എന്ന പേരിലുള്ള വിവരണാതീതമായ സാഹസിക യാത്ര ഉദ്ഘാടനം ചെയ്തത്. 2.83 കിലോമീറ്റർ ദൂരമാണ് മലനിരകൾക്കിടയിലൂടെ സാഹസികമായി സീപ്ലൈൻ വഴി യാത്രചെയ്യാനാവുക.
ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സീപ്ലൈൻ എന്ന ഗിന്നസ് അംഗീകാരം സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർഅൽ ഖാസിമിക്ക് ഗിന്നസ് വേൾഡ് റെക്കോഡ് ഉദ്യോഗസ്ഥൻ സമ്മാനിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 1680 മീറ്റർ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പർവ്‍വത പ്രദേശമായ ജബൽ ജെയ്‌സിലൂടെ യുള്ള ഈ സാഹസികയാത്ര ലോക സാഹസിക വിനോദ സഞ്ചാരമേഖലയിൽ സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞു. വിപുലമായ പ്രായോഗിക പഠനങ്ങൾ, മികച്ച ആസൂത്രണം, സമഗ്ര സർവ്‍വേകൾ, മണ്ണ് പരിശോധനകൾ എന്നിവയ്ക്കു ശേഷമാണ് പദ്ധതി പൂർത്തീകരിച്ചത്. 'സൂപ്പർമാൻ' ശൈലിയിൽ മലമുകളിലേക്ക് സാഹസികയാത്ര നടത്തുന്നവർക്കായി പ്രത്യേക വസ്ത്രവും സുരക്ഷാ ഉപകരണങ്ങളും നൽകുന്നുണ്ട്.
