യു.എ.ഇയിലെ 20 ഫ്രീസോണുകളെ വാറ്റിൽ നിന്ന് ഒഴിവാക്കി
അബുദാബി : മൂല്യവർദ്ധിത നികുതി ഘടനയിൽ രാജ്യത്തെ 45 ഫ്രീസോണുകളിൽ 20 എണ്ണത്തെ ഒഴിവാക്കി. ഈ സോണുകൾക്കിടയിലുള്ള ചരക്കു നീക്കത്തിനു വാറ്റ് ഈടാക്കില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന മേഖലകൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് മന്ത്രിസഭാ തീരുമാനം.
ഈ ഫ്രീസോണുകൾക്കിടയിലുള്ള ചരക്കുനീക്കത്തിനിടെ സാധനങ്ങൾ ഉപയോഗിക്കാനോ രൂപമാറ്റം വരുത്താനോ പാടില്ലെന്നും നിയമം നിഷ്കർഷിക്കുന്നു. അബുദാബിയിൽ മൂന്നും ദുബൈയിൽ ഏഴും ഷാർജയിൽ രണ്ടും ഫ്രീസോണുകൾ ഇങ്ങനെ ഒഴിവായി. അജ്മാൻ നാല്, റാസൽഖൈമ മൂന്ന്, ഫുജൈറ രണ്ട് എന്നിങ്ങനെയും.
അബുദാബി ഖലീഫ പോർട് ഫ്രീ ട്രേഡ് സോൺ, എയർപോർട് ഫ്രീസോൺ, ഖലീഫ ഇൻഡസ്ട്രിയൽ സോൺ, ദുബൈ ജബൽ അലി ഫ്രീ സോൺ (നോർത്ത്−സൗത്ത്), ദുബൈ കാർസ് ആൻഡ് ഓട്ടോമോട്ടീവ് സോൺ, ദുബൈ ടെക്ൈസ്റ്റൽ സിറ്റി, അൽഖൂസ് ഫ്രീസോൺ, ഖിസൈസ് ഫ്രീസോൺ, ദുബൈ ഏവിയേഷൻ സിറ്റി, ദുബൈ എയർപോർട് ഫ്രീസോൺ, ഷാർജ ഹംറിയ ഫ്രീസോൺ, ഷാർജ എയർപോർട് ഇന്റർനാഷനൽ ഫ്രീസോൺ, അജ്മാൻ ഫ്രീസോൺ, ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോൺ, റാസൽഖൈമയിലെ റാക് ഫ്രീട്രേഡ് സോൺ, റാക് മാരിടൈം സിറ്റി ഫ്രീസോൺ, റാക് എയർപോർട് ഫ്രീസോൺ, ഫുജൈറ ഫ്രീസോൺ, ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോൺ എന്നിവയാണിത്.
നിശ്ചിത മാനദണ്ധങ്ങൾ കണക്കിലെടുത്താണ് പ്രത്യേക പരിഗണനയുള്ള ഫ്രീസോണുകൾ നിശ്ചയിച്ചത്. ഈ മേഖലകളുടെ അതിർത്തി തിരിച്ചു മതിൽ കെട്ടി തിരിച്ചിരിക്കുകയും കസ്റ്റംസ്, സെക്യൂരിറ്റി സംവിധാനങ്ങൾ ഉണ്ടാകുകയും വേണം. ഇവിടേക്കു വരുന്നതും പോകുന്നതുമായ ചരക്കുകളും വ്യക്തികളും നിരീക്ഷണപരിധിയിലായിരിക്കും. ഇവിടെ ചരക്കുകൾ സൂക്ഷിക്കുന്നതും സംസ്കരിക്കുന്നതും ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) നിഷ്കർഷിക്കും വിധമായിരിക്കണം.

