സഞ്ചാരികൾക്ക് യു.എ.ഇയുടെ സംസ്കാരം വിവരിച്ച് നൽകി ദുബൈ ടൂറിസം പോലീസ്
ദുബൈ : സന്ദർശകരെ യു.എ.ഇ.യുടെ സംസ്‌കാരവും നിയമങ്ങളും മനസ്സിലാക്കാൻ സഹായിക്കുകയാണ് ദുബൈ ടൂറിസം പോലീസ്. രാജ്യത്തെ നിയമങ്ങളും രീതികളും അറിയാതെ വരുന്നത് പലപ്പോഴും പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നതായി ടൂറിസം സുരക്ഷാവിഭാഗം ആക്ടിംങ് ഡയറക്ടർമേജർ മൂസ മുബാറക് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ടൂറിസം പോലീസിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഏഴുഭാഷകൾ സംസാരിക്കുന്ന 53 ഉദ്യോഗസ്ഥരാണ് ടൂറിസം പോലീസിലുള്ളത്.
ജനുവരി മുതൽ സപ്തംബർ വരെയുള്ള കാലയളവിൽ ദുബൈയിലെത്തിയത് 115 ലക്ഷം സന്ദർശകരാണ്. പുതുവത്സരാ ഘോഷങ്ങൾക്ക് മാത്രമായി 15 ലക്ഷം പേർ എത്തുമെന്നും കരുതുന്നു. 1623 ഗൗരവമായ പരാതികളാണ് ഈ വർഷം ടൂറിസം പോലീസിന് ലഭിച്ചത്. ഇതിൽ പലതും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ കേസുകളാണ്.
സാധനങ്ങൾ നഷ്ടപ്പെട്ട പരാതികളിന്മേലുള്ള അന്വേഷണം സന്ദർശകർ സ്വദേശത്തേക്ക് തിരിച്ചു പോയാലും തുടരും. നൂറുകണക്കിന് സാധനങ്ങളാണ് ഇത്തരത്തിൽ ഉടമസ്ഥർക്ക് തിരിച്ചു നൽകിയത്. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങളിലും മറ്റും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോകളും ലഘുലേഖകളും സന്ദർശകർക്ക് നൽകുന്നുണ്ട്. ഇതിനു പുറമേ നിരവധി പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

