പാക് ജയിലുകളിൽ 527 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്
ലാഹോർ : പാകിസ്ഥാനിലെ വിവിധ ജയിലുകളിലായി 500ൽ അധികം ഇന്ത്യക്കാൻ തടവിൽ കഴിയുന്നുണ്ടെന്നു റിപ്പോർട്ട്. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതോടൊപ്പം 9,476 പാക് തടവുകാർ നൂറു രാജ്യങ്ങളിലെ ജയിലുകളിൽ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം ലാഹോർ ഹൈക്കോടതിയെ അറിയിച്ചു. ഗർഫ് രാജ്യങ്ങളിൽ തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കളുടെ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
ഭീകരവാദം, മയക്കുമരുന്ന് കള്ളക്കടത്ത്, അതിർത്തി ലംഘിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട വിദേശകളാണ് ജയിലുകളിൽ കഴിയുന്നത്. തടവിൽ കഴിയുന്ന ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണെന്ന് പാകിസ്ഥാൻ തന്നെ സമ്മതിക്കുന്നു. അറബിക്കടലൽ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ മത്സ്യബന്ധം നടത്തുന്പോഴാണ് ഇവർ പിടിയിലാകുന്നതും ജയിലിൽ അടയ്ക്കപ്പെടുന്നതും. കഴിഞ്ഞ മാസം മാത്രം 55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അതിർത്തി ലംഘിച്ച കുറ്റത്തിനു പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ജലഅതിർത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ അതിർത്തി രാജ്യങ്ങൾ അറസ്റ്റ് ചെയ്യാറുണ്ട്. അറബിക്കടലിന് കൃത്യമായ ഒരു രാജ്യ അതിർത്തി ഇല്ലാത്തതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന തടിവള്ളങ്ങളിൽ അതിർത്തി തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ പരിമിതവുമാണ്.

