ദേശീയ ദിനം: യു.എ.ഇയിൽ 1497 തടവുകാരെ പൊതുമാപ്പ് നൽകി മോചിപ്പിക്കും
അബുദാബി : ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇയിൽ 1497 തടവുകാരെ പൊതുമാപ്പു നൽകി മോചിപ്പിക്കും. അബുദാബി, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഭരണാധികാരികളുടെ ഉത്തരവ് പ്രകാരം തടവുകാരെ മോചിപ്പിക്കുന്നത്. ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ 645 തടവുകാർക്ക് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പൊതുമാപ്പ് അനുവദിച്ചു.
പൊതുമാപ്പ് നൽകുന്നതോടൊപ്പം ഇവരുടെ സാന്പത്തിക ബാധ്യതകളും എഴുതിത്തള്ളുമെന്ന് ശൈഖ് ഖലീഫ അറിയിച്ചു. ശിക്ഷയനുഭവിക്കുന്നവർക്ക് പുതിയ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കി നൽകുക എന്നലക്ഷ്യത്തോടെയാണ് മാപ്പ് നൽകി സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമൊരുക്കുന്നത്.
ദുബൈയിലെ 606 തടവുകാർക്ക് പൊതുമാപ്പ് നൽകി മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ
റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. യു.എ.ഇയുടെ 46−ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇത്. ദുബൈ മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തടവുകാർക്ക് പുതിയൊരു ജീവിതം തുടങ്ങാനും പുനരധിവാസത്തിനും സഹായമാകുന്ന ഉത്തരവ് ദുബൈ ഭരണാധികാരിയുടെ കാരുണ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അറ്റോർണി ജനറൽ എസ്സാം ഈസ അൽ ഹുമൈദാൻ പറഞ്ഞു. ഉത്തരവ് നടപ്പാക്കാൻ ദുബൈ പോലീസുമായി സഹകരിച്ച് വേണ്ട നടപടികൾ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി 246 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടിട്ടുണ്ട്.


