ഖത്തറിലേക്കുള്ള വിദേശ വിമാനങ്ങൾക്കു വ്യോമപരിധി ഉപയോഗിക്കാൻ വിലക്കില്ലെന്നു യുഎഇയും സൗദിയും ബഹ്‌റൈനും
അബുദാബി : വിദേശ വിമാനങ്ങൾക്കു ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രകൾക്കു തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാൻ വിലക്കില്ലെന്നു യുഎഇയും സൗദി അറേബ്യയും ബഹ്‌റൈനും വ്യക്‌തമാക്കി. എന്നാൽ ഈ രാജ്യങ്ങളിലും ഖത്തറിലും റജിസ്‌റ്റർ ചെയ്‌ത വിമാനങ്ങൾക്കു വിലക്ക് തുടരും. മൂന്നു രാജ്യങ്ങളുടെയും വ്യോമയാന അതോറിറ്റികൾ വെവ്വേറെ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
സ്വകാര്യ വിമാനങ്ങൾക്കും ഖത്തറിന്റേതല്ലാത്ത വിമാനങ്ങൾക്കും ഈ രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെ ഖത്തറിലേക്കോ തിരിച്ചോ പോകണമെങ്കിൽ വ്യോമയാന അതോറിറ്റിക്ക് 24 മണിക്കൂർ മുൻപെങ്കിലും അപേക്ഷ നൽകണം. യാത്രക്കാരുടെയും ജീവനക്കാരുടെയും പേരും രാജ്യവും വിമാനത്തിലെ ചരക്കിന്റെ വിശദാംശങ്ങളും അപേക്ഷയിൽ വ്യക്‌തമാക്കണം.
വ്യോമവിലക്ക് രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഖത്തർ എയർവേയ്സ് സിഇഒ: അക്ബർ അൽ ബേക്കർ ആരോപിച്ചിരുന്നു. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനോട് ഖത്തർ എയർവേയ്സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സൗദിയും യുഎഇയും ബഹ്റൈനും രംഗത്തെത്തിയത്.
അതേസമയം, രാജ്യാന്തര ചട്ടങ്ങൾ പ്രകാരം ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ മുൻകരുതലെടുക്കാനുള്ള പരമാധികാരവുമുണ്ട്.

