73 ശതമാനം പുതിയ കരാറുകൾക്കും 2025-നേക്കാൾ കുറഞ്ഞ നിരക്ക്; ദുബൈയിൽ വീടുമാറാൻ താമസക്കാരുടെ തിരക്ക്
ഷീബ വിജയൻ
ദുബൈ: വാടകയിനത്തിൽ വലിയ തുക ലാഭിക്കുന്നതിനായി ദുബൈയിലെ താമസക്കാർക്കിടയിൽ വീടുമാറ്റ പ്രവണത ശക്തമാകുന്നു. നിലവിലെ വീടുകളിൽ കരാർ പുതുക്കുന്നവർക്ക് നിരക്കിൽ കാര്യമായ കുറവ് ലഭിക്കാത്ത സാഹചര്യത്തിലാണ്, പുതിയ താമസസ്ഥലങ്ങളിലേക്ക് മാറുന്നതിലൂടെ ശരാശരി 9 ശതമാനം വരെ വാടക കുറയ്ക്കാൻ ആളുകൾ ശ്രമിക്കുന്നത്. പ്രോപ്പർട്ടി കൺസൾട്ടന്റുമാരായ ജെ.എൽ.എല്ലിന്റെയും ഫാം പ്രോപ്പർട്ടീസിന്റെയും പുതിയ റിപ്പോർട്ടുകളിലാണ് വിപണിയിലെ ഈ മാറ്റം വ്യക്തമാക്കുന്നത്.
പ്രധാന താമസകേന്ദ്രങ്ങളിലാണ് വാടകയിൽ ഏറ്റവും വലിയ കുറവുണ്ടായത്. ഡൗൺടൗൺ ദുബൈ, ബുർജ് ഖലീഫ പരിസരങ്ങൾ എന്നിവിടങ്ങളിൽ 15 ശതമാനവും, ബിസിനസ് ബേയിൽ 14.6 ശതമാനവും, ദുബൈ മറീനയിൽ 13.6 ശതമാനവും വാടക കുറഞ്ഞു. അൽ മെർകാദ് (11.9%), ജുമൈറ ലേക്ക് ടവേഴ്സ് ഉൾപ്പെടുന്ന അൽ തനിയ ഫിഫ്ത് (11.2%), ജെ.വി.സി ഉൾപ്പെടുന്ന അൽ ബർഷ സൗത്ത് ഫോർത്ത് (11.1%) എന്നിവിടങ്ങളിലും പുതിയ കരാറുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.
സെപ്റ്റംബർ വരെയുള്ള 12 മാസത്തിനിടെ നഗരത്തിലെ ചില മേഖലകളിൽ ശരാശരി വാടക 5.2 ശതമാനം കുറഞ്ഞതായി ജെ.എൽ.എല്ലിന്റെ 2026 മൂന്നാം പാദത്തിലെ 'ലിവിംഗ് മാർക്കറ്റ് ഡൈനാമിക്സ്' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപ്പാർട്ട്മെന്റ് വാടകയിൽ 5.3 ശതമാനവും വില്ല വാടകയിൽ 3 ശതമാനവുമാണ് ഇടിവ്. പുതിയ വാടക കരാറുകളുടെ രജിസ്ട്രേഷനിൽ മൂന്നാം പാദത്തിൽ 48.6 ശതമാനം വർദ്ധനവുണ്ടായപ്പോൾ, കരാർ പുതുക്കലുകളുടെ നിരക്ക് 8.3 ശതമാനമായി ഒതുങ്ങി. താമസക്കാർക്ക് ലഭിച്ച വിലപേശൽ ശേഷിയും പുതിയ വീടുകളുടെ ലഭ്യതയുമാണ് ഈ മാറ്റത്തിന് പിന്നിൽ.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്ത കരാറുകൾ അടിസ്ഥാനമാക്കി ഫാം പ്രോപ്പർട്ടീസ് നടത്തിയ പഠനമനുസരിച്ച്, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രജിസ്റ്റർ ചെയ്ത 18,096 പുതിയ അപ്പാർട്ട്മെന്റ് കരാറുകളിൽ 73 ശതമാനവും 2025-ലെ നിരക്കിനേക്കാൾ കുറവാണ്. വർഷത്തിന്റെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച്) ഇത് 24 ശതമാനം മാത്രമായിരുന്നു. അതേസമയം, കരാർ പുതുക്കിയ 17,234 പേരിൽ 44 ശതമാനം പേർക്ക് കഴിഞ്ഞ വർഷത്തേക്കാൾ കൂടിയ വാടക നൽകേണ്ടി വന്നപ്പോൾ, 37 ശതമാനം പേർക്ക് പഴയ നിരക്കിൽ തന്നെ തുടരേണ്ടി വന്നു.
എന്നാൽ താങ്ങാനാവുന്ന നിരക്കിലുള്ള ചില മേഖലകളിൽ വാടകയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. ദുബൈ സ്പോർട്സ് സിറ്റിയിൽ 6 ശതമാനവും, ദുബൈ പ്രൊഡക്ഷൻ സിറ്റിയിൽ 5.7 ശതമാനവും, ഡിസ്കവറി ഗാർഡൻസിൽ 4.7 ശതമാനവുമാണ് കുറവ്. ഇന്റർനാഷണൽ സിറ്റിയിൽ പുതിയ വാടക നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2026 മൂന്നാം പാദത്തിൽ ഏകദേശം 14,000 പുതിയ യൂണിറ്റുകൾ വിപണിയിലെത്തിയെന്നും നാലാം പാദത്തിൽ 17,000 യൂണിറ്റുകൾ കൂടി എത്തുമെന്നും ജെ.എൽ.എൽ വിലയിരുത്തുന്നു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് വരുംകാലത്ത് വാടക കുറയുന്നതിന്റെ വേഗതയെ സ്വാധീനിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
dvdfsdfs


