യുഎഇ ഇവന്റ്സ് വിസിറ്റ് വിസ: കാലാവധിയും അപേക്ഷാ രീതിയും വ്യക്തമാക്കി ജിഡിആർഎഫ്എ ദുബൈ
ഷീബ വിജയൻ
ദുബൈ: യുഎഇയിൽ നടപ്പാക്കുന്ന 'ഇവന്റ്സ് വിസിറ്റ് വിസ' സംബന്ധിച്ച വിശദാംശങ്ങൾ ജിഡിആർഎഫ്എ ദുബൈ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്ത് സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, കായിക-സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി വിദേശത്തുനിന്ന് എത്തുന്നവർക്കായാണ് ഈ വിസ. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ 30 അല്ലെങ്കിൽ 60 ദിവസം തങ്ങാൻ സാധിക്കും. ഒറ്റത്തവണ പ്രവേശനത്തിനുള്ള സിംഗിൾ എൻട്രി വിസയും ഒന്നിലധികം തവണ പ്രവേശിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. കാലാവധി നീട്ടുന്നതിന് അനുമതി ലഭിച്ചാൽ ആകെ താമസകാലയളവ് പരമാവധി 120 ദിവസം വരെയാകാമെന്നും ജിഡിആർഎഫ്എ ദുബൈ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
'യുവർ വേ ടു ദുബൈ' എന്ന പരമ്പരയുടെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് വിസയ്ക്ക് ആവശ്യമായ രേഖകൾ, പ്രവേശനരീതി, യുഎഇയിൽ തങ്ങാവുന്ന കാലാവധി എന്നിവയെക്കുറിച്ച് വിശദമായി വിവരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികൾക്കും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ഈ വിസ ലഭിക്കും. സമ്മേളന പ്രതിനിധികൾ, പ്രഭാഷകർ, പ്രദർശകർ, ക്ഷണിതാക്കളായ സന്ദർശകർ എന്നിവർക്ക് സംഘാടകർ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരിപാടിയുടെ വിശദാംശങ്ങളും വിദേശത്തുനിന്ന് പ്രതീക്ഷിക്കുന്ന പങ്കാളികളുടെ എണ്ണവും സംഘാടക സ്ഥാപനം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കണം. പങ്കാളികളുടെ എണ്ണത്തിന് അംഗീകാരം ലഭിച്ച ശേഷമേ ക്ഷണിതാക്കളുടെ വിസ അപേക്ഷകൾക്ക് സംഘാടകർക്ക് സ്പോൺസർഷിപ്പ് നൽകാൻ കഴിയൂ.
വെള്ള പശ്ചാത്തലത്തിലുള്ള വ്യക്തിഗത ഫോട്ടോ, പാസ്പോർട്ടിന്റെയോ യാത്രാരേഖയുടെയോ പകർപ്പ്, ആതിഥേയ സ്ഥാപനത്തിന്റെ കത്ത് എന്നിവയാണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകളെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. അപേക്ഷകൻ പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങളും ആ പരിപാടി എത്ര ദിവസം നീണ്ടുനിൽക്കുമെന്നും ആതിഥേയ സ്ഥാപനത്തിന്റെ കത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
frefdfsdsdfs


