ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് മറുപടി; കോൺഗ്രസ് പോരിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച് കെ.എം. അഭിജിത്ത്
ഷീബ വിജയൻ
കോഴിക്കോട്: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണയുമായി കെ.എം. അഭിജിത്ത് എം.എൽ.എ രംഗത്തെത്തി. രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഷാഫിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അഭിജിത്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഈ തണലിലാണ് തങ്ങൾ വളർന്നതെന്നും പാർട്ടിക്കുവേണ്ടി പോരാടിയത് ഈ കുടക്കീഴിൽ ഒന്നിച്ചായിരുന്നെന്നും അദ്ദേഹം കുറിച്ചു.
യൂത്ത് കോൺഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയതും, 2011ൽ പാലക്കാട് മണ്ഡലം തിരിച്ചുപിടിച്ചതും, വടകരയിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചതും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 102 സീറ്റുകൾ നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ചതും അഭിജിത്ത് എടുത്തുപറഞ്ഞു. പാർട്ടിക്കും നാടിനുമായി ജീവിതം സമർപ്പിച്ച ഷാഫിയെ ഓരോ പ്രവർത്തകനും ചേർത്തുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് 'എ' ഗ്രൂപ്പ് വിട്ട് കെ.സി. വേണുഗോപാൽ പക്ഷത്തേക്ക് മാറിയ ഷാഫി, ബോർഡ്-കോർപറേഷൻ വിഭജനത്തിലെ അതൃപ്തി അറിയിക്കാൻ വീണ്ടും 'എ' ഗ്രൂപ്പ് ലേബലിൽ ഡൽഹിയിലെത്തിയതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതാണ് വിവാദമായത്. പിന്നാലെ മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ, ജെ.എസ്. അഖിൽ എന്നിവരും ഉണ്ണിത്താനെ പിന്തുണച്ചു. പരസ്യ പ്രസ്താവനകൾ വിലക്കി കെ.പി.സി.സിയും ഹൈക്കമാൻഡും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
dfsddfsfds


