ചരിത്രം കുറിച്ച് 'അമ്മ' കിരീടം; മിസ് യൂണിവേഴ്സ് 2026 പ്യൂട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്
ഷീബ വിജയൻ
സാൻ ജുവാൻ (പ്യൂട്ടോറിക്കോ): 75-ാമത് മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. 2025 ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് ജെന്നിഫറിനെ കിരീടമണിയിച്ചു. മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ അമ്മ എന്ന നേട്ടവും 27കാരിയായ ജെന്നിഫറിന് സ്വന്തമായി. ഏഴുവയസ്സുകാരിയുടെ അമ്മയായ ജെന്നിഫർ സൈക്കോളജിസ്റ്റും സോഷ്യൽ വർക്കറുമാണ്. മെലിസ നുനെസ് ഫസ്റ്റ് റണ്ണറപ്പും ക്ലാര വേഗാസ് ഗോയറ്റ്‌സ് സെക്കൻഡ് റണ്ണറപ്പുമായി.
'ഇന്നത്തെ ലോകത്തിന് നേതാക്കളിൽ നിന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് എന്താണ്?' എന്ന അവസാന ചോദ്യത്തിന്, നേതാക്കൾക്ക് പ്രൊഫഷണൽ തലത്തിലുള്ള സഹാനുഭൂതി ഉണ്ടായിരിക്കണമെന്നാണ് ലോകത്തിന് ആവശ്യമെന്ന് ജെന്നിഫർ മറുപടി നൽകി. ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് അതിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുകയെന്നും അവർ വ്യക്തമാക്കി.
75-ാം വാർഷികത്തോടനുബന്ധിച്ച് 3,150 വജ്രങ്ങൾ പതിപ്പിച്ച 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്ന പുതിയ കിരീടവും അവതരിപ്പിച്ചു. ദേശീയ വസ്ത്രധാരണത്തിനിടെ ജറുസലേമിന്റെ പഴയ നഗരവും 'സമാധാനം' എന്ന വാക്കും ഉൾപ്പെടുത്തിയ വസ്ത്രം ധരിച്ച ഇസ്രയേൽ പ്രതിനിധി ഡാനിയേൽ യാബ്ലോങ്കയ്‌ക്കെതിരെ ഒരു വിഭാഗം കാണികൾ പ്രതിഷേധിച്ചു. സാൻ ജുവാനിലെ ജോസ് മിഗ്വേൽ അഗ്രലോട്ട് കൊളീസിയത്തിലായിരുന്നു ഫൈനൽ. അടുത്ത വർഷത്തെ 76-ാമത് മത്സരത്തിന് വിയറ്റ്നാം ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ കസിയ ലിസ് മെജോ ടോപ് 30ൽ ഇടം നേടി.
cxzcddsdsds


