സ്വർണവില കൂപ്പുകുത്തിയതോടെ ഗോൾഡ് ലോൺ എടുത്തവർക്ക് 'മാർജിൻ കോൾ' കുരുക്ക്; ലേലഭീഷണിയിൽ പണയസ്വർണം
ഷീബ വിജയൻ
കൊച്ചി: സ്വർണവിലയിലുണ്ടായ കനത്ത ഇടിവിനെ തുടർന്ന് സ്വർണപ്പണയ വായ്പയെടുത്തവർക്ക് നോട്ടിസ് അയക്കാൻ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) ഒരുങ്ങുന്നു. വായ്പയുടെ ഒരു ഭാഗം തിരിച്ചടക്കുകയോ കൂടുതൽ സ്വർണം ഈടായി നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാകും ‘മാർജിൻ കോൾ നോട്ടിസ്’ നൽകുക. ജനുവരിയിൽ പവന് 1.31 ലക്ഷം രൂപയായിരുന്ന സ്വർണവില 90,000 രൂപയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണിത്.
ആർ.ബി.ഐ നിശ്ചയിച്ചിട്ടുള്ള വായ്പ-മൂല്യ അനുപാതം (എൽ.ടി.വി) പ്രകാരം 2.50 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണത്തിന് 85 ശതമാനവും, അഞ്ച് ലക്ഷം വരെ 80 ശതമാനവും, അതിന് മുകളിൽ 75 ശതമാനവുമാണ് പരമാവധി വായ്പാ പരിധി. വില ഇടിയുമ്പോൾ നൽകിയ വായ്പാ തുകയും നിലവിലെ വിപണിമൂല്യവും തമ്മിലുള്ള അന്തരം കുറയുന്നത് ധനകാര്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.
വില കുറഞ്ഞ സാഹചര്യത്തിൽ പണം നൽകി സ്വർണം തിരിച്ചെടുക്കുന്നത് ലാഭകരമല്ലാത്തതിനാൽ പലരും നോട്ടിസ് അവഗണിക്കാൻ സാധ്യതയുണ്ട്. ഇതോടെ വായ്പകൾ നിഷ്ക്രിയ ആസ്തികളായി മാറുകയും ഈടുവെച്ച സ്വർണം ലേലം ചെയ്യേണ്ട സാഹചര്യമുണ്ടാവുകയും ചെയ്യും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദങ്ങളിൽ സ്വർണലേലങ്ങൾ വർധിച്ചേക്കാം. അതിനാൽ ഗോൾഡ് ലോൺ ഉള്ളവർ നോട്ടിസുകൾ അവഗണിക്കാതെ, പലിശയോ ചെറിയ തുകയോ അടച്ച് വായ്പ പുതുക്കുന്നത് ലേലം ഒഴിവാക്കാൻ സഹായിക്കും.
dsdfsdsdfsdfs


