ധനരാജ് വധക്കേസ്; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം, 16 പേരെ വെറുതെവിട്ടു
ഷീബ വിജയൻ
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം.വി. ബിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ നാലുമുതൽ 20 വരെയുള്ള 16 പ്രതികളെ കുറ്റവിമുക്തരാക്കി.
പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. കൊലപാതകത്തിന് ജീവപര്യന്തത്തിന് പുറമെ വീട്ടിൽ അതിക്രമിച്ചു കടന്നതിന് മൂന്ന് മാസം, അമ്മയെ ആക്രമിച്ചതിന് ഒരു വർഷം, ഭാര്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയതിന് ഒരു മാസം, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാല് വർഷം എന്നിങ്ങനെയും ശിക്ഷ വിധിച്ചു. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തിനെതിരെ, പ്രതികൾക്ക് കുട്ടികളുണ്ടെന്നതിനാൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് മറ്റ് പ്രതികളെ വെറുതെവിട്ടത്. 2016 ജൂലൈ 11ന് രാത്രി ഒൻപതേകാലോടെയാണ് വീട്ടുമുറ്റത്ത് വെച്ച് ധനരാജിനെ കൊലപ്പെടുത്തിയത്.
dsdsdfdfs


