'ഞാൻ മാവിലായിക്കാരൻ, പാർട്ടി കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'; ഗ്രൂപ്പ് പോരിൽ തടിയൂരി വി.ഡി. സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. ഗ്രൂപ്പ് പോരിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, 'ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടി കാര്യങ്ങൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ചോദിക്കണമെന്നും താൻ മറുപടി പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉമ്മൻചാണ്ടിക്കെതിരെയായാലും മറ്റാർക്കെതിരെയായാലും സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. താനും നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇതിന് പിന്നിൽ ഒരു കേന്ദ്രമാണുള്ളതെന്നും അത് എവിടെ നിന്നാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ചാനലുകൾ രാവിലെ മുതൽ ഉച്ചവരെ തനിക്കെതിരെ അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുകയാണെന്നും ചില മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണം. ആദ്യമൊക്കെ പ്രയാസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ വ്യാജവാർത്തകൾ ആസ്വദിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് നിലപാട്. ക്ഷേമ പെൻഷൻ നിർത്തുന്നുവെന്നും, ഉമ്മൻചാണ്ടിയെ കണ്ണീർ കുടിപ്പിച്ചത് താനാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞുവെന്നും, തന്നെ മാവേലി തമ്പുരാനോട് ഉപമിച്ചുകൊണ്ടുമുള്ള വ്യാജ കാർഡുകൾ മാധ്യമങ്ങളുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ മാധ്യമങ്ങൾ തന്നെയാണ് ആദ്യം പരാതി നൽകേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
adfsdsdsds


