സൗദി കായിക ചരിത്രത്തിൽ ഇടംനേടാൻ ജിദ്ദ ‘ലോക റാലി ചാമ്പ്യൻഷിപ്’ ഫിനാലെക്ക് ഇന്ന് തുടക്കമാവും
ഷീബ വിജയ൯
ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി **‘ലോക റാലി ചാമ്പ്യൻഷിപ്പി’**ന്റെ (വേൾഡ് റാലി ചാമ്പ്യൻഷിപ്) അവസാന റൗണ്ടിന് ബുധനാഴ്ച ജിദ്ദയിൽ തുടക്കമാകും. ‘സൗദി അറേബ്യ റാലി 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോർ സ്പോർട്സ് മാമാങ്കം നവംബർ 29 വരെ നീളും. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ റാലി സംഘടിപ്പിക്കുന്നത്.
ജിദ്ദയുടെ വടക്കുഭാഗത്തുള്ള ഖുലൈസ്, അസ്ഫാൻ, ദഹ്ബാൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെയാണ് റാലി കടന്നുപോകുന്നത്. സൗദി ഭൂപ്രകൃതിയുടെ വൈവിധ്യവും സാങ്കേതിക വെല്ലുവിളികളും പ്രതിഫലിക്കുന്ന ഈ പാത മത്സരാർഥികൾക്ക് അതുല്യമായ അനുഭവമാകും സമ്മാനിക്കുക. നാല് ദിവസങ്ങളിലായി 17 സ്റ്റേജുകളാണ് റാലിയുടെ അവസാന റൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 25 രാജ്യങ്ങളിൽനിന്നുള്ള 82 ഡ്രൈവർമാരും നാവിഗേറ്റർമാരും മൂന്ന് വിഭാഗങ്ങളിലായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. റൂട്ടിന്റെ ആകെ നീളം 1218 കിലോമീറ്ററാണ്.
മുൻ റൗണ്ട് ജപ്പാനിൽ നടന്ന ശേഷമാണ് സീസൺ ജിദ്ദയിൽ സമാപിക്കുന്നത്. ജിദ്ദയിലെ അവസാന റൗണ്ടിലെ പ്രകടനം ലോക ചാമ്പ്യൻഷിപ് വിജയിയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നിലവിൽ ബ്രിട്ടന്റെ എൽഫിൻ ഇവാൻസ് (272 പോയന്റ്) ആണ് ഒന്നാം സ്ഥാനത്ത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ലോകോത്തര കായിക ഇനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ സൗദിയുടെ വളരുന്ന പങ്ക് ഈ റാലി സ്ഥിരീകരിക്കുന്നു.
dssadsasasa
