യു.എ.ഇയിലെ ഇന്ത്യക്കാർക്ക് ഇ-പാസ്പോർട്ട്
ഷീബ വിജയൻ
അബൂദബി I യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇ-പാസ്പോർട്ട് നേടാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി. എംബസിയുടെ പരിഷ്കരിച്ച പാസ്പോർട്ട് സേവ പോർട്ടലിലാണ് പുതിയ സൗകര്യം ലഭ്യമാവുക. പാസ്പോർട്ട് ഉടമകളുടെ ഡിജിറ്റൽ വിവരങ്ങളടങ്ങിയ ചിപ് ഇ-പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറിജിനൽ പാസ്പോർട്ട് കൈവശമില്ലെങ്കിലും വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് സുഗമമായി പൂർത്തിയാക്കാൻ ഇ-പാസ്പോർട്ട് സഹായകമാവുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
https://mportal.passportindia.gov.in/gpsp/AuthNavigation/Login വഴി ഇ-പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഇന്‍റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ, ഒപ്പ്, അനുബന്ധ രേഖകൾ എന്നിവ പി.എസ്.പി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ബി.എൽ.എസ് സെന്‍ററുകളിൽ കാത്തിരിപ്പ് സമയം കുറക്കുന്നതിന് ഈ രേഖകൾ പരിഷ്കരിച്ച ജി.പി.എസ്.പി 2.0 പോർട്ടലിൽ അപ്ലോഡ് ചെയ്യാമെന്നും എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.
ഒക്ടോബർ 28 മുതൽ പുതിയ പോർട്ടൽ സേവനങ്ങൾ ലഭ്യമാവും. ഇതിനായി ആദ്യം വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ലിങ്കിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന്, ലോഗിൻ ഐ.ഡിയും പാസ്വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇത് വഴി അപേക്ഷകന്‍റെ ഹോം പേജിലെത്തും. ഇവിടെ പുതിയ അപേക്ഷ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. അപേക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓൺലൈൻ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്‍റെടുക്കണം. ശേഷം മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ബി.എൽ.എസ് കേന്ദ്രത്തിലേക്കുള്ള അപോയിൻമെന്‍റ് ബുക്ക് ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
asadsdsa
