കോഹ്ലിക്ക് സുരക്ഷാ ഭീഷണി; പരിശീലന സെഷൻ റദ്ദാക്കി ആർ.സി.ബി

ബംഗളൂരു റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് സുരക്ഷ ഭീഷണിയുയർന്നതിനെ തുടർന്ന് രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ എലിമിനേറ്ററിന് മുന്നോടിയായുള്ള പരിശീലനവും വാർത്ത സമ്മേളനവും റദ്ദാക്കി ആർ.സി.ബി. അഹ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ചയാണ് പരിശീലന സെഷൻ നടക്കേണ്ടിയിരുന്നത്. സുരക്ഷ ഭീഷണിയെ തുടർന്ന് വാർത്ത സമ്മേളനവും ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, രാജസ്ഥാൻ റോയൽസ് ഇതേ ഗ്രൗണ്ടിൽ തന്നെ പരിശീലന സെഷനിറങ്ങിയെങ്കിലും വാർത്ത സമ്മേളനം നടത്തിയില്ല. തീവ്രവാദ ബന്ധം സംശയിക്കുന്ന നാലുപേരെ അഹ്മദാബാദ് എയർപോർട്ടിൽ വെച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സംശയാസ്പദ വിഡിയോ കണ്ടെത്തിയതായും പറയുന്നു. കോഹ്‍ലി അഹ്മദാബാദിലെത്തിയ ശേഷമാണ് അറസ്റ്റ് വിവരമറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഭീഷണിയെ തുടർന്ന് ആർ.സി.ബി ടീം താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഐ.പി.എൽ അക്രഡിറ്റഡ് അംഗങ്ങൾക്ക് പോലും ഹോട്ടലിൽ പ്രവേശനം അനുവദിക്കുന്നില്ല. ഇന്ന് നടക്കുന്ന ആർ.സി.ബി−രാജസ്ഥാൻ പോരാട്ടത്തിനും കനത്ത സുരക്ഷയായിരിക്കും ഒരുക്കുക. ഇന്ന് രാത്രി 7.30ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എലിമിനേറ്റർ പോരാട്ടം.