പ്രതിരോധപ്പൂട്ട് തീർത്ത് പഞ്ചാബ്; സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

പഞ്ചാബ് പ്രതിരോധപ്പൂട്ട് തീർത്തതോടെ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ന് നടന്ന അവസാന മത്സരത്തിൽ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ പഞ്ചാബിനോട് സമനില വഴങ്ങിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. ഇരു ടീമുകളും ഓരോ വീതം ഗോളുകൾ നേടിയതോടെ കളി സമനിലയിൽ കലാശിക്കുകയായിരുന്നു.
ഫൈനൽ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് ഇന്ന് വിജയം അനിവാര്യമായിരുന്നു. പഞ്ചാബിന് എതിരെ 24ാം മിനിട്ടിൽ കേരളം ആദ്യ ഗോൾ നേടിയത് സെമി പ്രതീക്ഷ സജീവമാക്കി. വിശാഖ് മോഹനിലൂടെ ആണ് കേരളം ലീഡ് എടുത്തത്. പക്ഷേ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ കേരള പ്രതിരോധം മറികടന്ന് പഞ്ചാബ് ഗോൾ മടക്കുകയായിരുന്നു.
സെമി ഉറപ്പിക്കാൻ സമനില മതിയായിരുന്നതിനാൽ പഞ്ചാബ് ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. ആക്രമിച്ചു കളിച്ചിട്ടും കേരളത്തിന് ഒന്നിലധികം ഗോളുകൾ നോടാൻ കഴിഞ്ഞില്ല. കേരളത്തിന്റെ ശ്രമങ്ങൾ രണ്ടു തവണ ഗോളിന് അടുത്ത് എത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമനിലയോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പഞ്ചാബും കർണാടകയും ആണ് ഈ ഗ്രൂപ്പിൽ നിന്ന് സെമി ഫൈനൽ യോഗ്യത നേടിയത്.
a