മഴ വിനയായി, ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന ഏകദിനവും ഉപേക്ഷിച്ചു


ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ഏകദിനത്തില്‍ മികച്ച വിജയം നേടിയ കിവീസ് 1-0 പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം പരമ്പരയിലെ താരം. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്.

38 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും സ്കോര്‍ ബോര്‍ഡ് തുറക്കാതെ നായകന്‍ കെയ്ന്‍ വില്യംസണുമായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. ഇന്ത്യയെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ന്യൂസിലന്‍ഡ് ബാറ്റിംഗിലും മികവ് തുടരുന്നതിനിടെയാണ് മഴ എത്തിയത്. വിജയിച്ചില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന അവസ്ഥയില്‍ അവസാന ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തിരിച്ചടി നേരുകയായിരുന്നു.

ന്യൂസിലന്‍ഡ് ബൗളിംഗ് നിര മികവ് കാട്ടിയതോടെ പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സിന് തുടക്കമിട്ടത്. 39 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. തുടർന്ന്, ക്രീസിലെത്തിയ ശ്രേയ്യസ് അയ്യര്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും നായകന്‍ ശിഖര്‍ ധവാന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 45 പന്തില്‍ 28 റണ്‍സുമായി ധവാൻ കൂടാരം കയറി.

റിഷഭ് പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ ആറ്), ദീപക് ഹൂഡ (25 പന്തില്‍ 12) തുടങ്ങിയവര്‍ക്കും പൊരുതാനായില്ല. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയ്യസിനെ ലോക്കി ഫെര്‍ഗൂസന്‍ കോണ്‍വേയുടെ കൈകളില്‍ എത്തിച്ചത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. 200 പോലും കടക്കില്ലെന്ന് സംശയിച്ചപ്പോഴാണ് വാഷിംട്ണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷക്കെത്തിയത്.

ചഹാലിനെയും കൂട്ടുപിടിച്ച് സുന്ദർ ഇന്ത്യയെ 200 കടത്തി. ചഹാലിനെ മിച്ചല്‍ സാന്‍റ്നര്‍ പുറത്താക്കിയതോടെ ക്രീസിലെത്തിയ അര്‍ഷ്ദീപിനെ ഡാരി മിച്ചല്‍ മടക്കി. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ സുന്ദറും പുറത്തായതോടെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ് 219 റണ്‍സില്‍ അവസാനിച്ചു.

article-image

aaa

You might also like

Most Viewed