സാദിയോ മാനെക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകും

കാലിന് പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകും. സെനഗൽ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
ജെർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ താരമായ മാനെക്ക്, ബുണ്ടസ് ലീഗയിൽ കളിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്. വെർഡർ ബ്രെമനെതിരെ നടന്ന മത്സരത്തിനിടെയാണ് അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാക്കാൻ ഇടവരുത്തിയ പരിക്ക് സംഭവിച്ചത്. പരിക്കിനെത്തുടർന്ന് അന്ന് മത്സരത്തിന്റെ ഇരുപതാം മിനുറ്റിൽ മൈതാനം വിടാൻ അദ്ദേഹം നിർബന്ധിതനായിരുന്നു.
അതേ സമയം പരിക്കിന്റെ പിടിയിലാണെങ്കിലും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സെനഗലിന്റെ ഇരുപത്തിയാറംഗ ലോകകപ്പ് ടീമിൽ മാനെക്ക് പരിശീലകൻ ഇടം നൽകിയിരുന്നു. ആദ്യ മത്സരങ്ങൾ നഷ്ടപ്പെട്ടാലും പിന്നീട് മാനെ കളിക്കത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു ഈ സമയം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ പരിക്കിൽ നിന്ന് മോചിതനാവാൻ താരത്തിന് അല്പം കൂടി സമയം വേണ്ടി വരുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കപ്പെടുകയായിരുന്നു.
പരിക്കിനെത്തുടർന്ന് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഏറ്റവും അവസാനത്തെ സൂപ്പർ താരമാണ് സാദിയോ മാനെ. ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, എംഗോളോ കാന്റെ, എൻകുകു, പോർച്ചുഗീസ് താരം ഡിയൊഗോ ജോട്ട എന്നിവരാണ് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകുന്ന മറ്റ് പ്രമുഖ താരങ്ങൾ.
AA