ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലാൻഡ്സ്; സെമി ഉറപ്പിച്ച് ഇന്ത്യ

ലോകകപ്പ് സെമി ഫൈനലിന്‍റെ വാതിലിനരികെ നിൽക്കുകയായിരുന്ന ഇന്ത്യയെ സ്നേഹപൂർവം അകത്തേക്ക് തള്ളിവിട്ട് നെതർലൻഡ്സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരം 13 റൺസിന് വിജയിച്ചതോടെയാണ് ഡച്ച് പട ഇന്ത്യയെ സെമിയിലെത്താൻ സഹായിച്ചത്. പരാജയത്തോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.
നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീയസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്.
26 പന്തിൽ 41 റൺസ് നേടിയ കോളിൻ അക്കർമാൻ, 19 പന്തിൽ 35 റൺസ് അടിച്ചെടുത്ത ടോം കൂപ്പർ എന്നിവരാണ് ഡച്ച് ഇന്നിംഗ്സിന്‍റെ നെടുംതൂണായത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീയസിനെ ഒന്പത് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ബ്രാൻഡൻ ഗ്ലോവറിന്‍റെ നേതൃത്വത്തിലുള്ള ബൗളിംഗ് പടയാണ് പിടിച്ചുകെട്ടിയത്. 25 റൺസ് നേടിയ റൈലീ റൂസോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മറ്റ് ബാറ്റർമാർക്കാർക്കും തിളങ്ങാനാകാത്തത് ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങൾക്ക് തടയിട്ടു.
ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ - ബംഗ്ലാദേശ് മത്സരത്തിലെ വിജയി ഇന്ത്യക്കൊപ്പം സെമി ഫൈനലിൽ പ്രവേശിക്കും.
a