സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം−ബംഗാൾ ക്ലാസിക് പോരാട്ടം മേയ് രണ്ടിന്


75ആം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം−ബംഗാൾ ക്ലാസിക് പോരാട്ടം. ഇന്ത്യൻ ഫുട്ബോളിലെ പുത്തൻ കരുത്തരായ മണിപ്പുരിനെ 3−0ന് മറികടന്നാണ് ബംഗാൾ കിരീടപ്പോരിനു യോഗ്യത നേടിയത്.  ഫർദീൻ മൊല്ലയും സുജിത് സിംഗും ദിലീപ് ഓറണൂമാണ് ബംഗാളിന് 46−ാം ഫൈനലിലേക്കു ടിക്കറ്റ് ഉറപ്പിച്ച ഗോളുകൾ നേടിയത്. മേയ് രണ്ടിനു രാത്രി എട്ടിനു നടക്കുന്ന ഫൈനലിൽ ബംഗാൾ കേരളത്തെ നേരിടും. ഗ്രൂപ്പ് റൗണ്ടിൽ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോൾ രണ്ടു ഗോളിന്‍റെ വിജയം നേടാൻ കേരളത്തിനു കഴിഞ്ഞിരുന്നു. ഇതു നാലാം തവണയാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. 2018ലെ സന്തോഷ് ട്രോഫി ഫൈനലിൽ സ്വന്തം മൈതാനത്ത് വച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്‍റെ രക്ഷകനായത്.  മണിപ്പുരിനെതിരേ രണ്ടാം മിനിറ്റിൽ തന്നെ ബംഗാൾ ഗോൾ നേടി. ബോക്സിനു പുറത്തു നിന്നു അണ്ടർ −21 താരം സുജിത് സിംഗ് ആണ് നീളൻ ഷോട്ടിലൂടെ മണിപ്പൂർ വലകുലുക്കിയത് (1−0). ആറാം മിനിറ്റിൽ വീണ്ടും ബംഗാൾ സ്കോർ ചെയ്തു. ഇടതുപാർശ്വത്തിൽ നിന്നു ടുഹിൻദാസ് ഉയർത്തി അടിച്ച പന്ത് ആങ്കുലർ ഷോട്ടിലൂടെ ഫർദീൻ അലി മൊല്ല പോസ്റ്റിലെത്തിച്ചു (2−0). മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ മണിപ്പുർ താരങ്ങൾ ഏറെ വിഷമത്തോടെ പന്തു തട്ടിയപ്പോൾ ബംഗാൾ ടീം പ്രയാസമില്ലാതെയാണ് കളിച്ചത്. ആദ്യപകുതിയിൽ തന്നെ ഗോളി അംഗോംജന്പം മീട്ടിയെ മാറ്റി മണിപ്പുർ വിരൈബുവിനെ പോസ്റ്റിലേക്ക് അയച്ചു. 

ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ മണിപ്പുർ രണ്ടു അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്ട്രൈക്കർ സോമിഷൻ ഷിരാക്കിന് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഒത്തിണക്കം കാണിച്ച മണിപ്പുർ ബംഗാൾ പ്രതിരോധത്തിനു നിരന്തരം ഭീഷണി ഉയർത്തി. അൻപത്തിഒന്നാം മിനിറ്റിൽ മണിപ്പുർ മണിചന്ദ് സിംഗിനെ കൊണ്ടുവന്നു.  66−ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ സോമിഷൻ ഷോട്ടിന് ശ്രമിച്ചെങ്കിലും കരുത്തില്ലാതെ പോയി. 74−ാം മിനിറ്റിൽ ബംഗാൾ മൂന്നാം ഗോളും നേടി. ഇടതു വിംഗിൽ, ടച്ച് ലൈനിന് സമീപത്ത് നിന്നു ദിലീപ് ഓറണ്‍ പറത്തിയ ഷോട്ട് മണിപ്പൂർ വലയുടെ മൂലയിലേക്കു കയറി (3−0). കളിയുടെ അവസാന നിമിഷങ്ങളിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും നടത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

You might also like

Most Viewed